തലശ്ശേരി: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തൻ ഉണർവേകി കെഎസ്‌യു - എംഎസ്എഫ് തലശ്ശേരി അസംബ്ലി കമ്മിറ്റികളുടെ നേതൃത്വത്തിൽ "ഡീൽ വിത്ത് ജെൻ്റ്സി" സംഘടിപ്പിച്ചു. തലശ്ശേരി കടൽപാലത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവാക്കളും സ്ഥാനാർത്ഥി സാജു കെ.പി.യുമായി സംവദിച്ചു.
തലശ്ശേരിയുടെ ഭാവി വികസനത്തെക്കുറിച്ചും യുവാക്കളുടെ ആശങ്കകളെക്കുറിച്ചും നടന്ന ചർച്ചയിൽ ഉന്നതവിദ്യാഭ്യാസം, ടൂറിസം (ക്രൂയിസ് ഹാർബർ), സ്ത്രീ സുരക്ഷ, സമാധാനപരമായ വികസനം എന്നിവയിലൂന്നിയ തന്റെ കാഴ്ചപ്പാടുകൾ സ്ഥാനാർത്ഥി വിശദീകരിച്ചു. രാഷ്ട്രീയ ചർച്ചകൾക്ക് പുറമെ, 'ദി ബാൻഡ് നെക്സ്റ്റ് ഡോർ' അവതരിപ്പിച്ച ഗാനമേളയിൽ പാട്ടുപാടിക്കൊണ്ട് താനൊരു മികച്ച ഗായകൻ കൂടിയാണെന്ന് സാജു കെ.പി. തെളിയിച്ചു.
യദുനന്ദൻ ആർ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷഹ്സിം പിലാക്കൂൽ നന്ദി പറഞ്ഞു. ഷഹബാസ് കായ്യത്ത്, അനിരുദ്ധ് എം.കെ, സാഹീദ് സൈനുദ്ദീൻ, അദ്വൈത ആർ, സഹൽ ചേറ്റംകുന്ന്, നീതുലക്ഷ്മി, മിർനാൻ, പ്രയാഗ് കെ.വി, ഷബാദ് കൈവട്ടം, വൈഷ്ണവി, ആര്യ സാജു, സിനാൻ ചൊക്ലി, ജിത്തു ആർ. നാഥ്, അലിയാമീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
