Zygo-Ad

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയിൽ മാലിന്യ നിക്ഷേപം: പ്രതിഷേധവുമായി നാട്ടുകാർ


കോഴിക്കോട്: നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന ദേശീയപാത 66-ലെ ആറുവരിപ്പാതയിൽ വ്യാപകമായി മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ. കോഴിക്കോട് പയ്യോളിക്ക് സമീപം അയനികാട് മേഖലയിലാണ് റോഡിൽ ചാക്കുകണക്കിന് അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ച നിലയിൽ കണ്ടെത്തിയത്.

 അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം, അയനിക്കാട് സൂപ്പർ മാർക്കറ്റിനും ഇരിങ്ങൽ ബാങ്ക് ശാഖയ്ക്കും മുൻപിലായി.

 

 ഇരുപതിലധികം ചാക്കുകളിലായി കെട്ടിവെച്ച നിലയിലുള്ള അജൈവ മാലിന്യങ്ങളാണ് പാതയിൽ തള്ളിയിരിക്കുന്നത്.

 

 ഗതാഗതത്തിനായി ഇതുവരെ തുറന്നു നൽകാത്ത പാതയുടെ ഭാഗത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയോടെയാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

 ആക്രിക്കടകളിൽ നിന്നോ മറ്റോ ശേഖരിച്ച മാലിന്യം കൊണ്ടുപോകുന്നതിനിടെ ഇവിടെ ഉപേക്ഷിച്ചതാണെന്ന് സംശയിക്കുന്നു. പയ്യോളി ഭാഗത്തുനിന്നാണ് വാഹനം എത്തിയതെന്നാണ് പ്രാഥമിക വിവരം.

  ദേശീയ പാതയോരങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ നിക്ഷേപിക്കുന്നത് ഈ അടുത്ത കാലത്തായി പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

 സംഭവത്തിൽ നാട്ടുകാർ പയ്യോളി നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

ഉദ്ഘാടനത്തിനൊരുങ്ങുന്ന സംസ്ഥാനത്തെ പ്രധാന പാതയെ ഇത്തരത്തിൽ മാലിന്യ നിക്ഷേപ കേന്ദ്രമാക്കുന്നവർക്കെതിരെ കർശന നിയമ നടപടിയും നിരീക്ഷണവും വേണമെന്ന ആവശ്യം ശക്തമാണ്.



വളരെ പുതിയ വളരെ പഴയ