കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മൂന്ന് മാസത്തിന് ശേഷം പിടിയില്‍.
മുംബൈയില്‍ വച്ചാണ് വിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. പ്രതിയെ നാളെ നാട്ടിലെത്തിക്കും.
മുംബൈയിലെ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് വിനീഷ് പിടിയിലാകുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. ഇന്ന് രാവിലെ പിടിയിലാകുന്നത്. കഴിഞ്ഞ 3 മാസങ്ങളിലായി മുംബൈയിലെ പല സ്ഥലങ്ങളിലായി ജോലി ചെയ്ത് വരികയായിരുന്നു വിനീഷ്.
ഇതിനിടെ നാട്ടിലുള്ള ഒരു ബന്ധുവിനെ ഫോണില്‍ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചിരുന്നു. അങ്ങനെയാണ് വിനീഷിന്‍റെ ടവര്‍ ലൊക്കേഷൻ പൊലീസ് മനസിലാക്കുന്നത്. എന്നാല്‍ മുംബൈയിലെത്തിയ പൊലീസ് പല രീതിയില്‍ അന്വേഷണം നടത്തിയെങ്കിലും വിനീഷിനെ പിടികൂടാൻ സാധിച്ചില്ല.
രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബൈയില്‍ അന്വേഷണം നടത്തി വരികയായിരുന്നു. നിലവില്‍ റെയില്‍വേ പൊലീസാണ് വിനീഷിനെ പിടികൂടി പൊലീസിന് കൈമാറിയത്.
നാളെ രാവിലെയോട് കൂടി പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുമെന്നാണ് പൊലീസ് അറിയിച്ചിട്ടുള്ളത്. ഇയാളെ പിടികൂടിയതെങ്ങനെയെന്ന് വാര്‍ത്താ സമ്മേളനം വിളിച്ച് വിശദീകരിക്കമെന്നും പൊലീസ് വ്യക്തമാക്കി.
2021 ജൂണ്‍ 17 നാണ് വിനീഷ് ദൃശ്യയെ കുത്തികൊലപ്പെടുത്തിയത്. തടയാനെത്തിയ സഹോദരിക്കും പരിക്കേറ്റിരുന്നു. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണം. ദൃശ്യയുടെ അച്ഛന്റെ കടയ്ക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷം ആയിരുന്നു ക്രൂര കൊലപാതകം.
ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതി രക്ഷപ്പെട്ട സാഹചര്യത്തില്‍ ഭീതിയുണ്ടെന്ന് ദൃശ്യയുടെ അമ്മ മാധ്യങ്ങളോടു പ്രതികരിച്ചിരുന്നു.
