തലശ്ശേരി: പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ കുത്തക സീറ്റ് പിടിച്ചെടുത്തതിന്റെ വൈരാഗ്യമാണ് മുസ്ലീം ലീഗ് പ്രവർത്തകൻ അഷറഫിന് നേരെയുണ്ടായ വധശ്രമത്തിന് പിന്നിലെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ആരോപിച്ചു.
സി.പി.എം അക്രമത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഷറഫിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുന്ന അഷറഫിനെ ഇല്ലാതാക്കുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് മാരകായുധങ്ങളുമായി സി.പി.എം ക്രിമിനലുകൾ അക്രമം നടത്തിയത്.
ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും നട്ടെല്ലിന് ക്ഷതമേറ്റ അഷറഫിന്റെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ ഇഷ്ടമുള്ള പാർട്ടിയിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്.
സംഭവത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മുസ്ലീം ലീഗ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചേലേരി കൂട്ടിച്ചേർത്തു.
സംസ്ഥാന ഉപാധ്യക്ഷൻ പൊട്ടങ്കണ്ടി അബ്ദുള്ള, നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി പി.കെ ശാഹുൽ ഹമീദ്, ജില്ലാ ഉപാധ്യക്ഷൻ അഡ്വ. കെ.എ ലത്തീഫ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, നാസർ മാസ്റ്റർ, പി.കെ അലി, മുഹമ്മദ് പൂന്തോട്ടം, ഹനീഫ ബാങ്കിൽ, അലി നന്നാറത്ത്, കെ.പി അസീസ് എന്നിവരും അഷറഫിനെ സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
