താമരശ്ശേരി: ഉത്സവ ആഘോഷങ്ങൾക്കിടെ ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം ചോരക്കളിയിൽ കലാശിച്ചു. താമരശ്ശേരി ചാലക്കര ഇരട്ടക്കുളങ്ങര കാവിലെ ഉത്സവത്തോടനുബന്ധിച്ചാണ് സംഭവം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. മൂന്ന് പേർക്ക് കോമരത്തിന്റെ വാളുകൊണ്ട് വെട്ടേൽക്കുകയായിരുന്നു.
ഇരട്ടക്കുളങ്ങര സ്വദേശി കൃഷ്ണൻകുട്ടി (67), മകൻ ജിനീഷ് ലാൽ (46), ബാലുശ്ശേരി സ്വദേശി വിനോദ് (49) എന്നിവർക്കാണ് വാളുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കൃഷ്ണൻകുട്ടിക്കും ജിനീഷ് ലാലിനും വയറിനും വിനോദിന് തലയ്ക്കുമാണ് പരിക്കേറ്റത്. സംഘർഷം തടയാൻ ശ്രമിച്ച ബിജില, പുഷ്പ, കല്യാണി എന്നീ സ്ത്രീകൾക്കും പരിക്കേറ്റിട്ടുണ്ട്.
ബന്ധുക്കൾ തമ്മിലുള്ള തർക്കത്തിനിടെ ഒരു വിഭാഗം പുറത്തുനിന്നും ആളുകളെ എത്തിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
