തലശ്ശേരി: മണ്ഡലത്തിലെ തീരദേശ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി അഞ്ച് പ്രധാന റോഡുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ റോഡുകളുടെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ നിർവ്വഹിച്ചു. പിലാക്കൂലിൽ നടന്ന ചടങ്ങിൽ തലശ്ശേരി നഗരസഭാ ചെയർപേഴ്‌സൺ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാർ ഹാർബർ എൻജിനീയറിംഗ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആകെ അഞ്ച് റോഡുകളുടെ നവീകരണത്തിനായി വലിയ തുകയാണ് സർക്കാർ ചെലവഴിച്ചത്.
പൂർത്തിയാക്കിയ റോഡുകളും നിർമ്മാണച്ചെലവും:
* ഗാർഡൻസ് റോഡ് (തലശ്ശേരി മുനിസിപ്പാലിറ്റി) – 58.61 ലക്ഷം രൂപ.
* അച്ചാരത്ത് റോഡ് (തലശ്ശേരി മുനിസിപ്പാലിറ്റി) – 56.87 ലക്ഷം രൂപ.
* മൂഴിക്കര ഈങ്ങയിൽ പീടിക റോഡ് – 108.84 ലക്ഷം രൂപ.
* ഒളവിലം പാത്തിക്കൽ മോന്താൽ റോഡ് (ചൊക്ലി ഗ്രാമപഞ്ചായത്ത്) – 76.46 ലക്ഷം രൂപ.
* ന്യൂമാഹി പരിമഠം ഫിഷ് ലാൻഡിംഗ് സെന്റർ റോഡ് (ന്യൂമാഹി ഗ്രാമപഞ്ചായത്ത്) – 38.38 ലക്ഷം രൂപ.
ഹാർബർ എൻജിനീയറിംഗ് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ അബ്ദുൾ ജബ്ബാർ ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി നഗരസഭ വൈസ് ചെയർപേഴ്‌സൺ വി. സതി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അർജുൻ പവിത്രൻ (ന്യൂമാഹി), എൻ. അനൂപ് (ചൊക്ലി), നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
.jpg)