തലശ്ശേരി: തീരസുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തി ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം നടന്ന ഡി.ജി.പി/ഐ.ജി.പി കോൺഫറൻസ് തീരുമാനപ്രകാരം, 'ഒരു മരം അമ്മയുടെ പേരിൽ' (Ek Ped Maa Ke Naam) എന്ന ദേശീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
തലശ്ശേരി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശ്രീ. ശ്രീകുമാർ പി. ചടങ്ങിന് നേതൃത്വം നൽകി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ. സുരേന്ദ്രൻ ധർമ്മടത്തിന്റെ സാന്നിധ്യത്തിലായിരുന്നു കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിനായുള്ള ഈ പ്രവർത്തനങ്ങൾ നടന്നത്.
തീരദേശ വില്ലേജുകളോട് ചേർന്ന് കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കുന്നത് കടലാക്രമണം തടയുന്നതിനും തീരദേശ ആവാസവ്യവസ്ഥയെ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ എന്നിവർ സജീവമായി പങ്കെടുത്തു. 2026 മാർച്ച് 10-നായിരുന്നു പരിപാടി സംഘടിപ്പിച്ചത്
