തലശ്ശേരി: ബ്രണ്ണൻ കോളേജിൽ എം.എസ്.എഫ് (MSF) പ്രവർത്തകർക്ക് നേരെ എസ്.എഫ്.ഐ (SFI) പ്രവർത്തകരുടെ ക്രൂരമായ ആക്രമണം. എം.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി ശബാദ് ഇബ്രാഹിമിനും മറ്റ് പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. യൂണിയൻ ഭാരവാഹികളായ അഭിനന്ദ്, ഋത്വിക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന് എം.എസ്.എഫ് ആരോപിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് മുമ്പ് കോളേജിൽ എം.എസ്.എഫ് 'ഹരിത' യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശബാദിനെയും കൂടെയുണ്ടായിരുന്ന പ്രവർത്തകരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കലാലയങ്ങളിലെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുന്ന എസ്.എഫ്.ഐയുടെ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ കണ്ണൂരിലെ വിദ്യാർത്ഥി സമൂഹം രംഗത്തിറങ്ങണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നേതാക്കൾ സന്ദർശിച്ചു:
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശബാദ് ഇബ്രാഹിമിനെ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എ. ലത്തീഫ്, യൂനുസ് പടന്നോട്ട്, നസീർ പുറത്തിൽ, റഷീദ് തലായ്, തഫ്ലീം മാണിയാട്ട്, അനസ് കുട്ടക്കട്ടിൽ, ഷഹബാസ് കായ്യത്ത് തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.
