Zygo-Ad

അണ്ടലൂർ കാവിൽ ഉത്സവത്തിന് കൊടിയേറി; ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ തുടക്കം


 പിണറായി: പ്രശസ്തമായ അണ്ടലൂർ കാവ് തെയ്യം മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊടിയേറി. ഞായറാഴ്ച രാവിലെ ജന്മചാരിയും കാവിലെ എമ്പ്രാനും ചേർന്നാണ് കൊടിയേറ്റം നടത്തിയത്. ഉത്സവത്തിന്റെ മുന്നോടിയായുള്ള തേങ്ങ താക്കൽ, ചക്കകൊത്തൽ, തിരുവായുധം മൂർച്ചകൂട്ടൽ എന്നീ ചടങ്ങുകൾ നേരത്തെ പൂർത്തിയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ ഒന്നിന് കോമരത്തച്ചന്മാരുടെ കുളിച്ചെഴുന്നള്ളത്ത് ചടങ്ങോടെയാണ് പ്രധാന ഉത്സവ ദിനങ്ങൾക്ക് തുടക്കമായത്. കോമരത്തച്ചന്മാരുടെ 'നിരക്കി പാച്ചലിന്' ശേഷം ആദ്യ തെയ്യക്കോലമായ അതിരാളവും മക്കളും രംഗത്തെത്തി. തുടർന്ന് വേട്ടക്കൊരുമകൻ, തൂവ്വക്കാലി, മലക്കാരി, പുതുചേകോൻ, പൊൻമകൻ, നാകണ്ഠൻ, നാപോതി, ബപ്പൂരൻ തുടങ്ങിയ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും.

ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് ബാലി-സുഗ്രീവ യുദ്ധവും വൈകിട്ട് ആറുമണിയോടെ പ്രധാന മൂർത്തിയായ ദൈവത്താർ പൊൻമുടി അണിയുന്ന ചടങ്ങും നടക്കും. മേലൂർ, ധർമടം, അണ്ടലൂർ, പാലയാട് ദേശക്കാരുടെ വകയായുള്ള വെടിക്കെട്ട് വിവിധ ദിവസങ്ങളിലായി നടക്കും. ഫെബ്രുവരി 20-ന് പുലർച്ചെ തിരുമുടിയും തിരുവാഭരണങ്ങളും അറയിൽ തിരികെ വയ്ക്കുന്നതോടെ ഈ വർഷത്തെ ഉത്സവത്തിന് സമാപനമാവും 



വളരെ പുതിയ വളരെ പഴയ