കോഴിക്കോട്: ഡിജിറ്റൽ പണമിടപാടുകളുടെ വ്യാജ രേഖകൾ കാണിച്ച് റെയിൽവേ ടിക്കറ്റ് കൗണ്ടറുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. ഒഡിഷ സമന്ത്രാപ്പൂർ സ്വദേശി നാരായൺ പാണ്ഡെ (20) ആണ് കോഴിക്കോട് റെയിൽവേ പോലീസിന്റെ പിടിയിലായത്. വ്യാജ പണമിടപാട് സന്ദേശങ്ങൾ കാണിച്ച് ടിക്കറ്റ് കൈക്കലാക്കിയ ശേഷം അവ റദ്ദാക്കി പണം തട്ടിയെടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
തട്ടിപ്പ് ഇങ്ങനെ:
റെയിൽവേ എ.ടി.വി.എം (ATVM) കൗണ്ടറുകളിലെ ക്യൂആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് ഫെസിലിറ്റേറ്ററെ വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് പണമയക്കാൻ ഫെസിലിറ്റേറ്ററുടെ ഫോൺ നമ്പർ വാങ്ങുകയും, പണം അയച്ചുവെന്ന് തെളിയിക്കുന്ന വ്യാജ ഗൂഗിൾ പേ സ്ക്രീൻഷോട്ടും ബാങ്ക് സന്ദേശവും കാണിക്കുകയും ചെയ്യും. ഇത്തരത്തിൽ ടിക്കറ്റ് കൈക്കലാക്കിയ ശേഷം പ്രധാന കൗണ്ടറിൽ കൊണ്ടുപോയി ടിക്കറ്റ് റദ്ദാക്കി പണം കൈക്കലാക്കുകയാണ് പ്രതി ചെയ്തിരുന്നത്.
കഴിഞ്ഞ ഫെബ്രുവരി 23-ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നിസാമുദ്ദീനിലേക്ക് 8,100 രൂപയുടെ ഏഴ് ടിക്കറ്റുകൾ ഇയാൾ ഇതേ രീതിയിൽ എടുത്തിരുന്നു. പണം അക്കൗണ്ടിൽ എത്തിയില്ലെന്ന് ഫെസിലിറ്റേറ്റർ തിരിച്ചറിഞ്ഞതോടെയാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു.
കോഴിക്കോട് റെയിൽവേ പോലീസ് ഇൻസ്പെക്ടർ സി. പ്രദീപ് കുമാർ, എസ്.ഐ. എം. ജയന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ ഇയാൾ നിരവധി സ്ഥലങ്ങളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
