കൊച്ചി: ആശുപത്രി കവാടത്തിൽ കാറിനുള്ളിൽ വെച്ച് പ്രസവം നടന്ന യുവതിക്കും ആൺകുഞ്ഞിനും രക്ഷകരായി വി.പി.എസ് ലേക്‌ഷോറിലെ വിദഗ്ധ സംഘം. പ്രസവവേദനയുമായി എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെത്തിയ തലശ്ശേരി സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് കാറിനുള്ളിൽ പ്രസവിച്ചത്. അത്യാഹിത വിഭാഗത്തിലെ ഡോ. ആദിൽ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സമയോചിതമായ ഇടപെടൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ സുരക്ഷിതമാക്കി.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. ജനുവരി 22ന് പ്രസവത്തീയതി നിശ്ചയിച്ചിരുന്ന യുവതിക്ക് പുലർച്ചെ മുതൽ വേദന അനുഭവപ്പെട്ടിരുന്നു. തലശ്ശേരിയിൽ നിന്ന് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അരൂരിലെത്തിയതായിരുന്നു ഇവർ. രാവിലെ എട്ട് മണിയോടെ വേദന ശക്തമായതിനെത്തുടർന്ന് കുടുംബം വോൾവോ കാറിൽ ലേക്‌ഷോർ ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു.
ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയപ്പോഴേക്കും കുഞ്ഞ് പുറത്തേക്ക് വന്ന് തുടങ്ങിയിരുന്നു. യുവതിയെ സ്ട്രെച്ചറിലേക്ക് മാറ്റുന്നത് അപകടകരമാണെന്ന് തിരിച്ചറിഞ്ഞ ഡോ. ആദിൽ അഷ്റഫ് ഉടൻ തന്നെ കാറിനുള്ളിൽ പ്രസവത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. തുടർന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് സീനിയർ പീഡിയാട്രിഷ്യൻ ഡോ. പ്രിയദർശനി അടക്കമുള്ളവർ എത്തി കുഞ്ഞിനും അമ്മയ്ക്കും ആവശ്യമായ തുടർപരിചരണം നൽകി.
നിലവിൽ യുവതി ലേബർ റൂമിലും കുഞ്ഞ് എൻ.ഐ.സി.യുവിൽ നിരീക്ഷണത്തിലുമാണ്. ഇരുവരും പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. നവീൻ ആന്റോയും ഡോ. അരുണും അറിയിച്ചു. തങ്ങളുടെ ജീവൻ രക്ഷിച്ച ആശുപത്രി അധികൃതരോടും ഡോക്ടർമാരോടും വാക്കുകൾക്ക് അപ്പുറമായ നന്ദിയുണ്ടെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളിൽ കൃത്യമായ തീരുമാനമെടുക്കാനുള്ള അത്യാഹിത വിഭാഗത്തിന്റെ കഴിവിനെ വി.പി.എസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ്.കെ. അബ്ദുള്ളയും സി.ഇ.ഒ ജയേഷ് വി. നായരും അഭിനന്ദിച്ചു.
