കോഴിക്കോട്: കോഴിക്കോട് നാദാപുരം പുറമേരിയില്‍ റോഡില്‍ സ്ഫോടനം. അറാംവെള്ളിയില്‍ സ്കൂള്‍ ബസ് കടന്ന് പോയ ഉടനെയായിരുന്നു സ്ഫോടനം നടന്നത്.
രാവിലെ 9 മണിക്കാണ് സ്കൂള്‍ ബസ് പ്രദേശത്ത് കൂടെ കടന്നു പോയത്. ബസിന്റെ ടയർ കയറിയ ഉടനെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഉഗ്ര ശബ്ദം കേട്ടതിനെ തുടർന്ന് ഡ്രൈവർ പുറത്തിറങ്ങി പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസിലായത്. വിദ്യാർത്ഥികളെ സ്കൂളില്‍ എത്തിച്ചതിന് ശേഷമാണ് ഡ്രൈവർ സംഭവം പൊലീസില്‍ അറിയിച്ചത്.
നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ ഭാഗങ്ങള്‍ റോഡില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
