Zygo-Ad

പലിശരഹിത സ്വർണവായ്‌പാത്തട്ടിപ്പ്: തലശേരിയിൽ നാലാം പ്രതിയും അറസ്റ്റിൽ


 തലശേരി: പലിശരഹിത സ്വർണവായ്പ വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ കൂടി ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി സി. മുഹമ്മദ് ഷിബിൽ (39) ആണ് പിടിയിലായത്. കേസിലെ നാലാം പ്രതിയാണ് ഇയാൾ.

തലശേരി ജനറൽ ആശുപത്രിക്ക് സമീപമുള്ള ഹാർബർ സിറ്റി ബിൽഡിങ്ങിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ് നടന്നത്. കുറഞ്ഞ ചിലവിൽ പലിശയില്ലാതെ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ധർമടം സ്വദേശിനിയുടെ പണവും സ്വർണ്ണവും തട്ടിയെടുക്കുകയായിരുന്നു. സമാനമായ രീതിയിൽ പലരിൽ നിന്നായി ഏകദേശം മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ. പ്രകാശനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ധർമടം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി. ഹരിയുടെ നിർദ്ദേശപ്രകാരം എസ്.ഐ ജെ. ഷജീം, എസ്.ഐ നിജേഷ്, സി.പി.ഒമാരായ സജിൻ, സോന എന്നിവരടങ്ങിയ സംഘമാണ് മുഹമ്മദ് ഷിബിലിനെ പിടികൂടിയത്. മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

വളരെ പുതിയ വളരെ പഴയ