തലശ്ശേരി ആശയപരമായ രാഷ്ട്രീയത്തിനു പകരം അക്രമ രാഷ്ട്രീയം നടത്തുന്നത് പിണറായിയുടെ ഒത്താശയോടെയെന്ന് ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്.
വടക്കുമ്പാട് മഠത്തുംഭാഗം പ്രിയദര്‍ശിനി ക്ലബ്ബിനു നേരെ കഴിഞ്ഞ ദിവസം നടന്ന അക്രമത്തെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ചുതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകയായിരുന്നു അദ്ദേഹം.
സി. പി എം നേതൃത്വത്തിന്റെ അറിവോടു കൂടി ക്രിമിനലുകള്‍ ചെയ്ത നടപടിയാണെന്നതില്‍ യാതൊരു വിധ സംശയവും ഇല്ല. സി. പി എം വിജയിച്ചു കൊണ്ടിരിക്കുന്ന വാര്‍ഡുകളില്‍ മറ്റൊരു പാര്‍ട്ടി വിജയിക്കുമ്പോള്‍ അവിടെ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക എന്നത് സി. പി. എമ്മിന്റെ സ്ഥിരം ശൈലിയാണ്.
മമ്പറത്ത് സി. പി. എമ്മിന്റെ വാര്‍ഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. ഇവിടെയും സമാനമായ രീതിയില്‍ സി. പി. എം ഷോപ്പില്‍ കയറി പട്ടാപ്പകല്‍ അക്രമം അഴിച്ചു വിടുകയായിരുന്നു. കരിവെള്ളൂരിലും കഴിഞ്ഞ ദിവസം സി. പി. എം കോണ്‍ഗ്രസ് ഓഫീസിനു നേരെ അക്രമം അഴിച്ചു വിട്ടിരുന്നു.
വേങ്ങാട് പഞ്ചായത്ത്, പിണറായി ഉള്‍പ്പെടെ എല്ലാ പ്രദേശങ്ങളിലും അക്രമം തുടരുകയാണ്. ഇതിന് കൃത്യമായ നടപടി ഉണ്ടാകുന്നില്ല. പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതല്ലാതെ കുറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത്തരം അക്രമം തുടര്‍ന്നാല്‍ പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉണ്ടായ അതേ അവസ്ഥ സി. പി. എമ്മിന് കേരളത്തിലും നേരിടേണ്ടി വരുമെന്നും പറഞ്ഞു.
കെ. പി. സി സി ട്രഷറര്‍ വി. എ നാരായണന്‍, കെ. പി. സി സി മെമ്പര്‍ സജ്ജീവ് മാറോളി, തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. പി അരവിന്ദാക്ഷന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സുശീല്‍ ചന്ദ്രോത്ത്, മറ്റു നേതാക്കളായ ജെതീന്ദ്രന്‍ കുന്നോത്ത്, അഡ്വ. വീണ, കെ. വിശ്വനാഥന്‍ എന്നിവരും ഡി. സി. സി പ്രസിഡണ്ടിനോടൊപ്പം ഉണ്ടായിരുന്നു.
