കോഴിക്കോട്: വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസില്‍ നിർണായക കണ്ടെത്തല്‍. സരോവരത്തെ ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ വിജിലിൻ്റേത് തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരിച്ചു.
അമ്മയുടെയും സഹോദരന്റെയും ഡിഎൻഎ സാംപിളുകളുകളുമായി സാമ്യമെന്ന് കണ്ടെത്തി. കണ്ണൂരിലെ റീജിണല്‍ ഫോറൻസിക് ലാബിലെ പരിശോധനാ ഫലം എലത്തൂർ പൊലിസിന് ലഭിച്ചു.
2019 മാര്‍ച്ചിലാണ് വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അന്ന് പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അന്വേഷണം നിലച്ചു.
ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കേസ് വീണ്ടും പൊടി തട്ടിയെടുത്തതോടെയാണ് അന്വേഷണം വിജിലിന്റെ സുഹൃത്തുക്കളിലേക്ക് എത്തിയത്.
അമിതമായ ലഹരി ഉപയോഗത്തിനിടെ വിജില്‍ മരിച്ചെന്നും പിന്നാലെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്നുമാണ് സുഹൃത്തുക്കളായ കെ.കെ. നിഖില്‍, ദീപേഷ് എന്നിവര്‍ മൊഴി നല്‍കിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു വിജില്‍ കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്.
വിജില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ബോധം നഷ്ടപ്പെടുകയും സുഹൃത്തുക്കള്‍ സരോവരത്തെ ചതുപ്പില്‍ കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തല്‍ പ്രതികള്‍ നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചയിലധികം നടത്തിയ തിരച്ചിലിലാണ് സരോവരത്തെ ചതുപ്പില്‍ നിന്ന് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. മൃതദേഹങ്ങള്‍ കെട്ടിത്താഴ്‌ത്താനുപയോഗിച്ച കല്ലുകളും കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് 2019 മാര്‍ച്ച് 24-ന് രാവിലെ വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതാണ് വീട്ടില്‍ നിന്ന് പോകാന്‍ കാരണം. സാധാരണ വീട്ടില്‍ ധരിക്കുന്ന വേഷത്തില്‍ ബൈക്കുമായി ഇറങ്ങിയ മകനോട് എവിടെ പോകുന്നു എന്ന അമ്മയുടെ ചോദ്യത്തിന് ഉടന്‍ വരാം എന്നു മറുപടി പറഞ്ഞു.
പകല്‍ പലതവണ അമ്മ വിളിച്ചപ്പോള്‍ ഉടന്‍ വരാമെന്നു പറഞ്ഞ മകന്റെ ഫോണ്‍ രാത്രിയോടെ സ്വിച്ച് ഓഫ് ആയതോടെയാണ് അന്വേഷണം ആരംഭിച്ചത്.മൂന്ന് ദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതിയുമായി എലത്തൂര്‍ സ്റ്റേഷനിലെത്തി. മാന്‍ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
എന്നാല്‍, അധികം വൈകാതെ കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ പലതവണ മാറി. തുടർന്ന് കൊലപാതക സാധ്യത ചൂണ്ടിക്കാട്ടി അന്വേഷണം ഊർജിതമായി.
വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമാണെന്നും ഇതേസമയം വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും രഞ്ജിത്തും ദീപേഷും അവിടെ ഉണ്ടായിരുന്നെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. തുടര്‍ന്ന് നിഖിലിനെയും ദീപേഷിനെയും വീണ്ടും ചോദ്യം ചെയ്തു. പിന്നാലെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 24-ന് സുഹൃത്തുക്കളായ നിഖിലിനും രഞ്ജിത്തിനും ദീപേഷിനും ഒപ്പം സരോവരത്ത് എത്തിയ വിജില്‍ അവിടെ വെച്ച് അവര്‍ക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. വിജിലിന്റെ കൈയില്‍ മയക്കുമരുന്ന് കുത്തി വെച്ചുവെന്നും പ്രതികള്‍ നല്‍കിയ മൊഴിയിലുണ്ട്.
അല്പ സമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞു വീണെന്നും ലഹരി വിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നു പോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോള്‍ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടത്.
സത്യം പുറത്തറിയാതിരിക്കാന്‍ മൂവരും ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനും മൃതദേഹം കുഴിച്ചു മൂടാനും പദ്ധതിയിട്ടു. വിജിലിനെ ചതുപ്പിലൂടെ വലിച്ചിഴച്ച് ചവിട്ടിത്താഴ്‌ത്തുകയും സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളില്‍ നിന്നും കല്ലുകള്‍ എടുത്ത് ശരീരത്തില്‍ കെട്ടുകയും ചെയ്തു. മൃതദേഹം പൊങ്ങി വരാതിരിക്കാനായിരുന്നു. ഇങ്ങനെ ചെയ്തത്.
പിന്നീട് വിജില്‍ നാട് വിട്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. വിജിലിനെ കുഴിച്ചു മൂടി എട്ട് മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ ശേഖരിച്ച് വരക്കല്‍ കടപ്പുറത്തു വെച്ച് ശേഷ ക്രിയ ചെയ്തിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
അന്‍പത് മീറ്ററിലധികം ദൂരത്തെ ചെളിയും കല്ലും മരത്തടികളും കോരി മാറ്റി പരിശോധിച്ചു. പോലീസ്, ഫയര്‍ഫോഴ്സ്, മണ്ണ് മാന്തി യന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വലിയൊരു സംഘം നടത്തിയ തിരച്ചിലില്‍ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍, കെട്ടിത്താഴ്‌ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി.
