തലശ്ശേരി: കാൽ നൂറ്റാണ്ടോളം പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്ന പീഡന കേസിലെ പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.
25 വർഷം മുൻപ് തലശ്ശേരി നഗരത്തിലെ ഒരു ലോഡ്ജിൽ നടന്ന പീഡനക്കേസിലെ മൂന്നാം പ്രതിയായ മംഗളൂരു സ്വദേശി നാസറിനെയാണ് (52) പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു ഇയാൾ. തലശ്ശേരി പൊലീസിന്റെ കണ്ണുവെട്ടിച്ച് കേരളത്തിലും കർണാടകയിലുമായി വിവിധ സ്ഥലങ്ങളിൽ പലവിധ പേരുകളിലാണ് നാസർ ജോലി ചെയ്തു കഴിഞ്ഞിരുന്നത്.
കേസിൽ ഹാജരാകാത്തതിനെ തുടർന്ന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി (അഡ്ഹോക്ക് കോടതി) നാസറിനെതിരെ വാറൻഡ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.
തലശ്ശേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ സൈഫുദ്ധീൻ എം.ടി.പി, സീനിയർ സിവിൽ പോലീസ് ഓഫീസർ നിധീഷ് എ.കെ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ നാസറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
