Zygo-Ad

തിരഞ്ഞെടുപ്പ് പോരാട്ട ചൂടില്‍ തലശ്ശേരിയും


തലശ്ശേരി: 159 വർഷം പിന്നിട്ട തലശ്ശേരി നഗരസഭയും പൊതുതെരഞ്ഞെടുപ്പിന്റെ പോരാട്ട ചൂടിലായി. വർഷങ്ങളായി 'ചുവന്ന' തലശ്ശേരിയുടെ തിലകക്കുറി ഇക്കുറിയും മായില്ലെന്ന് ഉറപ്പു വരുത്തുകയാണ് ഇടതു മുന്നണി.

അത്ര കണ്ട് സൂഷ്മതയോടെയാണ് നഗരസഭയില്‍ ഇടതുപക്ഷ നീക്കങ്ങള്‍. വാർഡുകളുടെ എണ്ണം 52 ല്‍ നിന്നും ഇക്കുറി 53 ആയിട്ടുണ്ട്. 53 വാർഡുകളിലും സീറ്റ് വിഭജനം പൂർത്തിയാക്കി ഒരുപടി മുന്നിലെത്തിയിരിക്കുകയാണ് എല്‍.ഡി.എഫ്.

സി.പി.എം. 46 സീറ്റിലും, സി.പി.ഐ. അഞ്ച് സീറ്റിലും മത്സരിക്കും. എൻ.സി.പി, ഐ.എൻ.എല്‍ എന്നീ ഘടക കക്ഷികള്‍ക്ക് ഓരോ സീറ്റ് വീതം നല്‍കാനാണ് ധാരണ. 

എല്‍.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ സി.പി.എം. തലശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ കാരായി ചന്ദ്രശേഖരനെ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.

 ഇദ്ദേഹം 2015-ല്‍ നാല് മാസം നഗരസഭാ ചെയർമാനായിരുന്നുവെങ്കിലും ഫസല്‍ വധക്കേസിലെ ജാമ്യ വ്യവസ്ഥ കാരണം സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

യു.ഡി.എഫില്‍ സീറ്റ് വിഭജന ചർച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. പുതുതായി വന്ന ഗാർഡസ് കോണ്‍ഗ്രസിനും, ലീഗിനും താല്‍പര്യമുള്ള വാർഡാണ്. സൈദാർപള്ളി വാർഡിന്റെ ഭാഗങ്ങള്‍ ഉള്ളതിനാല്‍ മുസ്‌ലിം ലീഗിനും, സെയ്ന്റ് പീറ്റേഴ്സ് വാർഡിന്റെ ഭാഗമായതിനാല്‍ കോണ്‍ഗ്രസിനും ഈ വാർഡിനായി താല്‍പര്യമുണ്ട്. 

ബാക്കി വാർഡുകളില്‍ കഴിഞ്ഞ തവണത്തെ പോലെ കോണ്‍ഗ്രസ് 35 വാർഡുകളിലും, മുസ്‌ലിം ലീഗ് 17 വാർഡുകളിലും മത്സരിക്കാനാണ് നിലവിലെ ധാരണ. 

നേതാക്കളായ എ.കെ. അബൂട്ടി ഹാജി, എ.കെ. സക്കരിയ, നിലവിലെ കൗണ്‍സിലർ ടി.വി. റാഷിദ എന്നിവർ ലീഗ് സ്ഥാനാർത്ഥികളാകും. ചിത്രകാരൻ ബി.ടി.കെ അശോകിന്റെ ഭാര്യ രമ്യ അശോക് ഇക്കുറി കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയിലുണ്ട്. നിലവില്‍ യു.ഡി.എഫിന് 7 കൗണ്‍സിലർമാരാണുള്ളത്. കോണ്‍ഗ്രസിന് മൂന്നും മുസ്‌ലിം ലീഗിന് നാലും.

എൻ.ഡി.എ. സ്ഥാനാർത്ഥി പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ കൗണ്‍സിലർമാരുള്ളത് തലശ്ശേരി നഗരസഭയിലാണ്. 

എട്ട് സീറ്റുകളുള്ള ബി.ജെ.പിയാണ് നിലവില്‍ നഗരസഭയിലെ മുഖ്യ പ്രതിപക്ഷം. അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സജീവ നീക്കത്തിലാണ് എൻ.ഡി.എ. മുന്നണികള്‍ തന്ത്രങ്ങള്‍ മെനയുന്നതോടെ, നഗരസഭയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല.

വളരെ പുതിയ വളരെ പഴയ