Zygo-Ad

പാലത്തായി പീഡനക്കേസ്‌: പ്രതി ബിജെപി നേതാവായ അധ്യാപകൻ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ


തലശ്ശേരി: പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരൻ. 

കേസിൽ തലശ്ശേരി പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എം ടി ജലജറാണി നാളെ വിധിപറയും. നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലാണ് ശിശുദിനത്തിൽ നിർണായക കണ്ടെത്തൽ. 

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന് തവണ അധ്യാപകൻ ബാത്ത്റൂമിൽ കൊണ്ടു പോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പത്മരാജൻ.

2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 2025 ആഗസ്ത് 13വരെ തുടർച്ചയായ വിചാരണയുണ്ടായി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി അഞ്ചു ദിവസമാണ് കോടതി രേഖപ്പെടുത്തിയത്. കുട്ടിയുടെ സുഹൃത്തായ വിദ്യാർഥി, നാല് അധ്യാപകർ ഉൾപ്പെടെ 40 സാക്ഷികളെ പ്രോസിക്യുഷൻ വിസ്‌തരിച്ചു.

 77 രേഖകളും 14 തൊണ്ടി മുതലുകളും ഹാജരാക്കി. സ്വകാര്യ ഭാഗത്ത് മുറിവുണ്ടായതിന്റെയും ബ്ലീഡിങ്ങിനെ തുടർന്ന് ചികിത്സ തേടിയതിൻ്റെയും വിവരങ്ങളും ഹാജരാക്കിയ രേഖകളിലുണ്ട്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്‌തരിച്ചു.

ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ട‌ിച്ചതാണ് പാലത്തായി പീഡനക്കേസ്. പത്തു വയസുകാരി പീഡനത്തിനിരയായ വിവരം ചൈൽഡ് ലൈനിനാണ് ആദ്യം ലഭിച്ചത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പാനൂർ പൊലീസ് 2020 മാർച്ച് 17നാണ് കേസെടുത്തത്. 

പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15ന് പ്രതിയെ അറസ്‌റ്റു ചെയ്തു‌. പെൺകുട്ടിയുടെ അമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ജുവനൈൽ ജസ്‌റ്റിസ് ആക്ടിലെ 75, 82 വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റ്ക്ടീവ് ഇൻസ്പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം സമർപ്പിച്ചു. പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതോടെ കുട്ടിയുടെ അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

 ഈ ഘട്ടത്തിലാണ് നാർകോട്ടിൽ എഎസ്‌പി രേഷ്‌മ രമേഷ് ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചത്. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ എഡിജിപി ഇ ജെ ജയരാജൻ, ഡിവൈഎസ്‌പി രത്നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം അന്വേഷണം ഏറ്റെടുത്തു.

 2021 മെയ് മാസം പോക്സോ വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി പി എം ഭാസുരി ഹാജരായി.

വളരെ പുതിയ വളരെ പഴയ