Zygo-Ad

തെങ്ങിൽ നിന്ന് വീണ് മരിച്ച ബംഗാൾ സ്വദേശിക്ക് തുണയായി നാട്ടുകൂട്ടം; ഓർക്കാട്ടേരിയിൽ മാതൃകാപരമായ സ്നേഹസ്പർശം


വടകര: തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മരിച്ച ബംഗാൾ സ്വദേശിയുടെ ചികിത്സയ്ക്കും മൃതദേഹം നാട്ടിലെത്തിക്കാനും സഹായിച്ച് ഓർക്കാട്ടേരിയിലെ നാട്ടുകാർ മാതൃകയായി. പശ്ചിമ ബംഗാൾ മാഗ്രഹോളി രബീന്ദ്ര നഗറിലെ ജഗദീഷിന്റെ (49) കുടുംബത്തിനാണ് നാട്ടുകാരുടെ കൂട്ടായ്മ താങ്ങും തണലുമായി മാറിയത്.

കഴിഞ്ഞ മാസം 20-നാണ് തുണ്ടിച്ചിക്കണ്ടി ബാലകൃഷ്ണൻ എന്നയാളുടെ വീട്ടുവളപ്പിൽ തേങ്ങയിടുന്നതിനിടെ തെങ്ങിന്റെ അടിഭാഗം മുറിഞ്ഞ് ജഗദീഷിന് ഗുരുതരമായി പരിക്കേറ്റത്.

 സ്വകാര്യ ആശുപത്രിയിൽ 10 ദിവസത്തിലധികം നടത്തിയ ചികിത്സയ്ക്കായി രണ്ടര ലക്ഷം രൂപ ബാലകൃഷ്ണൻ നൽകി. 

അതിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ ജഗദീഷ് മരണപ്പെട്ടു. കഴിഞ്ഞ 25 വർഷമായി ഓർക്കാട്ടേരിയിൽ ജോലി ചെയ്യുന്ന ജഗദീഷിനു വേണ്ടി നാട്ടുകാർ സേവനസന്നദ്ധരായി രംഗത്തിറങ്ങുകയായിരുന്നു.

മൃതദേഹവും മകനെയും മറ്റൊരു ബന്ധുവിനെയും വിമാനമാർഗം നാട്ടിലെത്തിക്കുന്നതിനുള്ള വലിയ തുക ഒരു പ്രശ്നമായപ്പോൾ, ഏറാമല ബാങ്ക് വക 25,000 രൂപ ചെയർമാൻ മനയത്ത് ചന്ദ്രൻ നൽകി. തുണ്ടിച്ചിക്കണ്ടി ബാലകൃഷ്ണൻ 25,000 രൂപ കൂടി സംഭാവന ചെയ്തു. 

ബാക്കി തുക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സന്തോഷ് കുമാർ, ഡിഫൻസ് വൊളന്റിയർ ഷാജി പടത്തല എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരിൽ നിന്ന് സമാഹരിച്ചു. ഇന്ന് ഉച്ചയോടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് തിരിക്കും.

വളരെ പുതിയ വളരെ പഴയ