തലശ്ശേരി: സ്കൂളിലെ ശുചിമുറിയില്‍ വെച്ച് നാലാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ശിക്ഷ വിധിച്ചതോടെ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജനെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്.
പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി സ്കൂള്‍ മാനേജ്മെന്റിന് നിർദ്ദേശം നല്‍കി. കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.
രണ്ട് പോക്സോ വകുപ്പുകളിലായി 40 വർഷവും തടവു ശിക്ഷയും കെ പത്മരാജന്‍ അനുഭവിക്കണം. തലശ്ശേരി അതിവേഗ കോടതിയാണ് കെ പത്മരാജനെതിരെ ശിക്ഷ വിധിച്ചത്.
ക്രൂരകൃത്യത്തിന് മരണം വരെ ജീവപര്യന്തം
വിദ്യാർത്ഥിനിക്ക് സംരക്ഷകൻ ആകേണ്ട അധ്യാപകൻ നടത്തിയ ക്രൂരകൃത്യം. നാലാം ക്ലാസുകാരിയെ സ്കൂളിലെ ശുചിമുറിയില്‍ വച്ച് മൂന്ന് ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് മരണം വരെ ജീവപര്യന്തം ശിക്ഷയും പോക്സോ കേസില്‍ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പിന്നീട് പ്രത്യേക അന്വേഷണ സംഘവും നടത്തിയ കേസിലാണ് അഞ്ചുവർഷം കഴിയുമ്പോള്‍ ശിക്ഷ വിധിച്ചത്.
ഡിവൈഎസ്പി ആയിരുന്ന ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയ തെളിവുകള്‍ കേസിനു ബലം നല്‍കി. പത്തു വയസ്സുകാരിയെ അഞ്ചു ദിവസം കോടതി മുറിയില്‍ വിസ്തരിക്കേണ്ടി വന്നതിന്റെ വേദന പങ്കുവയ്ക്കുമ്പോഴും വിധിയിലെ ആശ്വാസമാണ് പ്രോസിക്യൂഷൻ കാണുന്നത്.
കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് വേണമെന്നായിരുന്നു പ്രതി കോടതിയില്‍ പറഞ്ഞത്. 12 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചതിലും സ്കൂളില്‍ വെച്ച് അധ്യാപകൻ നടത്തിയ ക്രൂരകൃത്യത്തിലും ഫോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ ചേർത്താണ് 40 വർഷം തടവ്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ചേർത്താണ് മരണം വരെ ജീവപര്യന്തം. കേസ് രാഷ്ട്രീയമാണെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും പ്രതിഭാഗം.
നിർണായക തെളിവായി കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തിലെ വീഴ്ചകള്‍ക്കിടയിലും കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുകയായിരുന്നു.
