തലശ്ശേരി: നിരപരാധികളായ മനുഷ്യരുടെ സ്വാസ്ഥ്യവും സമാധാനവും കെടുത്തുന്ന ഭീകരതക്കും തീവ്ര വർഗ്ഗീയ ചിന്തകൾക്കുമെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേരള നദ്വത്തുൽ മുജാഹിദീൻ -, (കെ എൻ എം) സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പൊതു സമ്മേളനം ഒക്ടോബർ 31നു വെള്ളിയാഴ്ച വൈകിട്ട് 4 നു തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭീകരതക്കെതിരെ, സമാധാന സാക്ഷ്യം എന്ന തലക്കെട്ടിലാണ് സമ്മേളന സംഘടിപ്പിക്കുന്നത്. ഗസ്സയിൽ ഇസ്റാഈൽ നടത്തികൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയും ഭക്ഷ്യ സഹായങ്ങൾ പോലും തടയുന്ന മാനവ വിരുദ്ധ നീക്കങ്ങൾക്കതിരെയും ജന ജാഗ്രത സൃഷ്ടിക്കുകയെന്നതും സമ്മേളനം ലക്ഷ്യം വയ്ക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സമാധാന കരാറുകളുടെയും നഗ്നമായ ലംഘനമാണ് ഗസ്സയിൽ ഇപ്പോഴും നടക്കുന്നത്.
നിസ്സഹായരായ ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് മനുഷ്യത്വമുള്ള ഏവരുടെയും ബാധ്യതയാണ്. മനുഷ്യരെ ഭിന്നിപ്പിക്കുകയും സർവ നന്മകളെയും ഇല്ലാതാക്കുകയും ചെയ്യുന്ന ഭീകരതക്കെതിരെ ഒന്നിച്ചുള്ള മുന്നേറ്റം അനിവാര്യമാണ്.
രാജ്യത്തെ ദുർബല വിഭാഗങ്ങൾക്ക് നേരെ നിരന്തരം നടന്ന് കൊടിരുക്കുന്ന വംശീയ അതിക്രമങ്ങളും മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ ഉണ്ടാകുന്ന വർഗ്ഗീയ നീക്കങ്ങളും സമ്മേളനം ചർച്ച ചെയ്യും.
സമാധാന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ മനുഷ്യ സ്നേഹികളും സമാധാന കാംക്ഷികളുമായ എല്ലാവരും അണിചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ എൻ എം സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. കെ എൻ എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തും.
കെ എൻ എം സംസ്ഥാന സെക്രട്ടറിമാരായ ഡോ. എ ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ സുൽഫികർ അലി ഐ എസ് എം പ്രസിഡന്റ് ശരീഫ് മേലേതിൽ വൈസ് പ്രസിഡന്റ് ജലീൽ മാമാങ്കര എന്നിവർ പ്രഭാഷണം നിർവഹിക്കുമെന്നും സംഘാടകർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
ഇസ്ഹാഖലി കല്ലിക്കഴി (സെക്രട്ടറി കെ എൻ എം കണ്ണൂർ ജില്ല), യാക്കൂബ് എലാംകോട്, ഡോ. അബ്ദുറഹ്മാൻ കൊളത്തായി, ശംസീർ കൈതേരി, പി പി അബ്ദുൽ ഖാദർ, ഖാദർ മുസാഫിർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
