Zygo-Ad

കല്ലായി ചുങ്കം ഇരട്ട കൊലപാതക കേസിന്റെ വിധി നാളെ; കോടതിവളപ്പില്‍ പ്രകടനമോ മുദ്രാവാക്യമോ പാടില്ല


തലശ്ശേരി: ന്യൂമാഹി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലെ കല്ലായി ചുങ്കത്ത്‌ നടന്ന ഇരട്ട കൊലപാതക കേസിന്റെ വിധി ഈ മാസം 8 ന്‌ മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ്‌ ജഡ്‌ജ് റൂബി.കെ.ജോസ്‌ പ്രഖ്യാപിക്കും.

വിധിയുമായി ബന്ധപ്പെട്ട്‌ ഒരു രാഷ്ര്‌ടീയ പാര്‍ട്ടി നേതൃത്വവും കോടതി കോമ്പൗണ്ടിനുള്ളില്‍ പ്രകടനമോ മുദ്രാവാക്യങ്ങളെ നാത്താന്‍ പാടില്ലെന്നും കേസുമായി ബന്ധപ്പെട്ട്‌ കോടതി മുമ്പാകെ ഹാജരായ അഭിഭാഷകര്‍ക്ക്‌ കോടതി നിർദ്ദേശവും നല്‍കി. 

നേരത്തെ ഇത്തരത്തിലുള്ള സംഭവം ഉണ്ടായതായി കോടതിയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ കോടതിയുടെ നടപടി.

ബി.ജെ.പി. പ്രവര്‍ത്തകരായ ന്യൂ മാഹിയിലെ പൂശാരി കോവിലിന്‌ സമീപം മാടോംപുറം കണ്ടിവീട്ടില്‍ വിജിത്ത്‌ (28) കുരുന്തോറത്ത്‌ വീട്ടില്‍ ഷിനോജ്‌ (30) എന്നിവരെ ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെട്ടി കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌.16 സി.പി.എം. പ്രവര്‍ത്തകരാണ്‌ പ്രതികള്‍. 

ഇതില്‍ പ്രതികളായിരുന്ന മുഹമ്മദ്‌ റജീസ്‌, സി.കെ.രജികാന്ത്‌ എന്നിവര്‍ സംഭവത്തിന്‌ ശേഷം മരണപ്പെട്ടിരുന്നു. 2010 മെയ്‌ 28 ന്‌ രാവിലെ ന്യൂ മാഹി കല്ലായി ചുങ്കത്ത്‌ വെച്ചാണ്‌ കേസിനാസ്‌പദമായ സംഭവം.

ചൊക്ലി നിടുംമ്പ്രറത്തെ മീത്തലെ ചാലില്‍ എന്‍.കെ.സുനില്‍ കുമാര്‍ എന്ന കൊടി സുനി (40)പള്ളൂര്‍ കോയേ്ാേട്ട്‌ തെരുവിലെ സുഷി നിവാസില്‍ ടി. സുജിത്ത്‌ (36) നാലു തറയിലെ മുണ്ടുപറമ്പത്ത്‌ കോളനിയിലെ ടി.കെ.സുമേഷ്‌ (43) ചൊക്ലിയിലെ പറമ്പത്ത്‌ വീട്ടില്‍ കെ.കെ.മുഹമ്മദ്‌ ഷാഫി (40) പള്ളൂരിലെ ഷമില്‍ നിവാസില്‍ ടി.പി.ഷമില്‍ (37) കവിയൂരിലെ എ.കെ.ഷമ്മാസ്‌ (35) പള്ളൂരിലെ കുനിയില്‍ വീട്ടില്‍ കെ.കെ.അബ്ബാസ്‌ (35) ചെമ്പ്രയിലെ പാറയുള്ള പറമ്പത്ത്‌ രാഹുല്‍ (33) കുന്നുമ്മല്‍ വീട്ടില്‍ കെ.വി.വിനീഷ്‌ (44) പി.വി. വിജിത്ത്‌ (40) സി.കെ.രജികാന്ത്‌, കെ.ഷിനോജ്‌ (36)അഴീക്കലിലെ ഫൈസല്‍ (42) ഒളിവിലത്തെ കാട്ടില്‍ പുതി പുരയില്‍ സരീഷ്‌ (40) തവക്കല്‍ മന്‍സില്‍ ടി.പി.സജീര്‍ (38) മുഹമ്മദ്‌ റജീഷ്‌ എന്നിവരാണ്‌ പ്രതികള്‍. 

തലശ്ശേരി ഡി.വൈ.എസ്‌.പി.യായിരുന്ന എ.പി. ഷൈക്കത്തലിയാണ്‌ കേസന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. ഇതില്‍ രണ്ട്‌ പ്രതികള്‍ ടി.പി.കേസില്‍ പ്രതിയായി ശിക്ഷാവിധി നേരിട്ടു വരികയുമാണ്‌. 

കൊല്ലപ്പെട്ട ഇരുവരും പള്ളൂരിലെ സി.പി.എം.പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ മാഹി കോടതി മുമ്പാകെ ഹാജരായി തിരിച്ച്‌ വരുമ്പോഴാണ്‌ കൊലപാതകം നടന്നതും. നിലവില്‍ പ്രോസിക്യൂഷന്‌ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.പി.പ്രേമരാജനാണ്‌ ഹാജരാവുന്നത്‌. 

പ്രതികള്‍ക്ക്‌ വേണ്ടി അഡ്വ.സി.കെ.ശ്രീധരന്‍,അഡ്വ.കെ.വിശ്വന്‍ തുടങ്ങിയവരാണ്‌ ഹാജരാവുന്നത്‌. ജനുവരി 21 മുതല്‍ ആരംഭിച്ച വിചാരണ നടപടികള്‍ ആഗസ്‌റ്റ് 19 നാണ്‌ പൂര്‍ത്തിയായത്‌. 

കേസില്‍ 44 സാക്ഷികളെ വിസ്‌തരിച്ചു. 63 തൊണ്ടി മുതലുകളും 140 രേഖകളും പ്രോസിക്യൂഷന്‌ വേണ്ടി അഡ്വ.പി.പ്രേമരാജന്‍ ഹാജരാക്കിയിട്ടുണ്ട്‌.

വളരെ പുതിയ വളരെ പഴയ