വയനാട്: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ ഇന്നലെ രാത്രി ഇടിഞ്ഞ കല്ലും മണ്ണും നീക്കാനുള്ള ശ്രമം രാവിലെ ഏഴ് മണിയോടെ ആരംഭിച്ചു.
പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധനയും നടത്തും. മണ്ണിടിഞ്ഞതിനെ തുടർന്ന് ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിട്ടുണ്ട്. ലക്കിടിയിലും അടിവാരത്തും വാഹനങ്ങള്‍ തടയും. പ്രദേശത്ത് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തും.
കല്ലും മണ്ണും നീക്കി അപകട സാധ്യത ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇനി വാഹനങ്ങള്‍ ഇതു വഴി കടത്തി വിടൂ.
കോഴിക്കോട്- വയനാട് യാത്രക്ക് കുറ്റ്യാടി ചുരം വഴിയുള്ള പാതയും മലപ്പുറം- വയനാട് യാത്രക്ക് നിലമ്പൂർ നാടുകാണി ചുരം പാതയും ഉപയോഗിക്കാനാണ് അധികൃതരുടെ നിർദേശം. കൂടുതൽ അപകട സാധ്യത കണക്കിലെടുത്താണ് ഈ നീക്കം.
75 മീറ്റർ ഉയരത്തില്‍ നിന്നാണ് പാറകള്‍ കുത്തിയൊലിച്ച് എത്തിയത്. ഇന്നലെ രാത്രിയില്‍ തന്നെ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തു നിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പൊലീസ് അറിയിച്ചിരുന്നു. ലക്കിടി കവാടത്തിന്റെ തൊട്ടടുത്താണ് അപകടമുണ്ടായത്.
രാത്രി 11ന് ശേഷം വന്ന എല്ലാ വാഹനങ്ങളും അടിവാരത്ത് വച്ച് തടഞ്ഞിരുന്നു. ജില്ലാ കളക്ടർ, എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, എഡിഎം എന്നിവരുള്‍പ്പെടെ സംഭവ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തിയിരുന്നു.
അപകടം നടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടു നിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്‌ആർടിസി ബസ്.
മണ്ണിടിച്ചിലുണ്ടായ വ്യൂ പോയിന്റിന്റെ അല്പം അകലെ ബസ് എത്തിയപ്പോള്‍ എതിരേ വന്ന കാറിലുണ്ടായിരുന്ന സ്ത്രീ ഉരുള്‍പൊട്ടുന്നുണ്ട് അവിടേക്കുേ പോവരുതേ... എന്ന് കരഞ്ഞു പറഞ്ഞു. ഇതോടെ തങ്ങള്‍ റോഡരികിലേക്ക് ബസ് ഒതുക്കി നിർത്തുകയായിരുന്നെന്ന് കണ്ടക്ടർ നരിക്കുനി സ്വദേശി മുഹമ്മദ് റഫീഖ് പറഞ്ഞു.
പിന്നീട് റഫീഖും ഡ്രൈവർ ശ്രീനിവാസനും സ്ഥലത്തേക്ക് ഓടിയെത്തി നോക്കിയപ്പോള്‍ കണ്ടത് റോഡൊന്നാകെ പാറക്കല്ലും മണ്ണും മരങ്ങളും വന്ന് മൂടിക്കിടക്കുന്നതാണ്. ആ യാത്രക്കാരി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവസ്ഥ മറ്റൊന്നായി മാറുമായിരുന്നെന്ന് റഫീഖ് പറഞ്ഞു. 45 ജീവനാണ് അവർ രക്ഷിച്ചത്.
പുറകെ വരുന്ന വാഹനങ്ങളെല്ലാം തങ്ങള്‍ തടഞ്ഞു നിർത്തുകയായിരുന്നെന്ന് റഫീഖ് പറഞ്ഞു. ഒരുപാട് യാത്രക്കാരുടെ ജീവൻരക്ഷിച്ച, പേരും നാടുമൊന്നുമറിയാത്ത ആ കാർ യാത്രക്കാരിയോട് നന്ദി പറയുകയാണ് റഫീഖും ശ്രീനിവാസനും.