പേരാമ്പ്ര: ബസ് യാത്രക്കിടയിൽ യാത്രക്കാരിയായ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി ഒളിവിൽ പോയ കണ്ടക്ടർ പിടിയിൽ. നൊച്ചാട് മാപ്പറ്റ കുനി റൗഫ് (38) ആണ് പിടിയിലായത്. കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ഓടുന്ന എടത്തിൽ ബസ്സിൻ്റെ കണ്ടക്ടർ ആയിരുന്നു റൗഫ്. ജൂൺ 10 ആയിരുന്നു കേസിന് ആസ്‌പദമായ സംഭവം.
ബസ് യാത്രയ്ക്കിടെ റൗഫ് യുവതിയോട് ലൈംഗിക അതിക്രമം കാണിക്കുകയും, യുവതി ഇയാൾക്കെതിരെ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. പരാതിയേ തുടർന്ന് പേരാമ്പ്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ റൗഫ് ഒളിവിൽ പോയി. കോയമ്പത്തൂർ, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഇയാൾ ഒളിവിൽ കഴിഞ്ഞു. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ കോയമ്പത്തൂരിൽ ആണ് താൻ ഉള്ളതെന്നാണ് റൗഫ് പൊലീസിനോട് പറഞ്ഞത്.
പൊലീസ് അന്വേഷിക്കുന്നതിനിടയിൽ പ്രതി വ്യാജ പേരിൽ സ്റ്റേഷനിലും പരിസരത്തും മറ്റൊരാവശ്യത്തിന് എത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഇൻസ്പെക്ടർ പി. ജംഷിദിൻ്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ടി.സി ഷാജി, എസ്‌സിപിഒ സി.എം സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കും.