വയനാട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രണ്ട് ഇടങ്ങളിലായി സംസ്കരിച്ച അമ്മയുടെ മൃതദേഹം ഒന്നിച്ച് സംസ്കരിക്കാൻ ഇടപെടല്‍ തേടി മകൻ.
ചൂരല്‍മല സ്വദേശിയായ വിജയമ്മയുടെ മൃതദേഹമാണ് പുത്തുമലയില്‍ രണ്ടിടങ്ങളിലായി അടക്കിയിരിക്കുന്നത്. ഡിഎൻഎ പരിശോധനയിലെ മൃതദേഹ ഭാഗങ്ങള്‍ രണ്ട് സ്ഥലത്തായിട്ടാണ് സംസ്കരിച്ചിരിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
ഒന്നിച്ച് സംസ്കരിക്കാൻ വേണ്ട ഇടപെടലുകള്‍ക്കായി വയനാട് കലക്ടറേറ്റില്‍ എട്ട് മാസമായി കയറി ഇറങ്ങിയിട്ടും നടപടികള്‍ ഒന്നും തന്നെ ആയില്ലെന്ന് മകൻ അനില്‍ പറയുന്നു.
2024 ജൂലൈ 30 നാണ് കേരളത്തെ നടുക്കിയ വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്.
വയനാടിനെ ആകെ തകർത്ത ആ ദുരന്തത്തില്‍ നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്. വീടും കൃഷിയിടങ്ങളും സ്കൂളുമെല്ലാം ഉരുള്‍പ്പൊട്ടലില്‍ കുത്തിയോലിച്ചു.
ദുരന്തത്തില്‍ അകപ്പെട്ട പലരുടെയും മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും ചാലിയാർ വഴി മലപ്പുറം ജില്ലയില്‍ നിന്നും കണ്ടെത്തിയിരുന്നു. ദുരിന്തത്തില്‍ അകപ്പെട്ട നാല്‍പതില്‍ ഏറെ പേർ ഇനിയും കാണാമറയത്താണ്.
കേരളമാകെ വിറങ്ങലിച്ചു പോയ ആ ദുരന്തത്തില്‍ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും മൃതദേഹാവശിഷ്ടങ്ങളും ഒരിടത്തായിരുന്നു സംസ്കരിച്ചിരുന്നത്. ഒരോ ശരീര ഭാഗവും ഓരോ മൃതദേഹങ്ങളായി കണക്കാക്കിയാണ് സംസ്കരിച്ചത്.
പിന്നീട് ഡിഎന്‍എ ഫലം വന്നപ്പോഴാണ് ചൂരല്‍മല സ്വദേശിയായ വിജയമ്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ രണ്ടിടങ്ങളിലായിട്ടാണ് അടക്കിയിരിക്കുന്നതെന്ന് തെളിഞ്ഞത്.
അമ്മയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഒരുമിച്ച് സംസ്കരിക്കണമെന്ന ആവശ്യവുമായി വേണ്ട നടപടിക്രമങ്ങള്‍ക്കായി കാത്തു നില്‍ക്കുകയാണ് അനില്‍.