തലശ്ശേരി: സ്വകാര്യ വ്യക്തിയുടെ ഓഡിറ്റോറിയത്തിനോട് ചേർന്ന് കാർ പാർക്കിങ് ഒരുക്കാൻ മണ്ണെടുത്തനത്തിനെ തുടർന്ന് വീടും സ്ഥലവും അപകടാവസ്ഥയിലെന്ന് പരാതി.
തലശ്ശേരി പുന്നോല്‍ സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മണ്ണെടുത്തതിനെ തുടർന്ന് വീട്ടു മുറ്റത്തും ചുമരിലും വിള്ളല്‍ ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് സബ് കളക്ടർക്കും, പോലീസിനും ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു.
കേടുപാടുകള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പാലിച്ചിട്ടില്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. വീടിന്റെ പിൻവശത്താണ് വലിയ തോതില്‍ മണ്ണിടിച്ചത്. ഇതോടെ കുന്നില്‍ മുകളിലുള്ള വീട് അപകടാവസ്ഥയിലാണ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ കേടുപാടുകള്‍ പരിഹരിക്കാമെന്നായിരുന്നു ഉടമസ്ഥൻ വാക്കാല്‍ പറഞ്ഞിരുന്നത്. എന്നാല്‍ നാളിതുവരെ പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
മണ്ണെടുത്തതിനെ തുടർന്ന് വീട്ടിലെ സെപ്റ്റിക്ക് ടാങ്കിനും കേടുപാടുകള്‍ ഉണ്ടായി. മണ്ണിടിച്ചില്‍ ഭീഷണിയിലാണ് താനും, കുടുംബവുമെന്നാണ് പരാതിക്കാരൻ പറയുന്നത്.
റവന്യു അധികൃതരും, പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മഴക്കാലമായതോടെ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. വീടിന്റെ പല ഭാഗങ്ങളിലെ ചുമരില്‍ വിള്ളലുണ്ടായിട്ടുണ്ട്.
4 വർഷങ്ങള്‍ക്ക് മുൻപാണ് ഓഡിറ്റോറിയം പ്രവർത്തനം ആരംഭിച്ചത്. 3000ഓളം പേരെ ഉള്‍ക്കൊള്ളാൻ കഴിയുന്ന ഓഡിറ്റോറിയത്തിന് പാർക്കിങ് സൗകര്യം ഒരുക്കാനാണ് വലിയ തോതില്‍ മണ്ണിടിച്ചത്.
അധികാരികള്‍ പല തവണ സ്ഥലം സന്ദർശിച്ചെങ്കിലും നടപടി വൈകുകയാണെന്നാണ് പരാതിക്കാരൻ പറയുന്നത്.
ഓഡിറ്റോറിയം ഉടമ പണവും സ്വാധീനവും ഉപയോഗിച്ച് പരാതി അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വിഷയത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് സബ് കളക്ടർക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്.