Zygo-Ad

കോഴിക്കോട് പേരാമ്പ്രയിലെ കല്യാണ വീട്ടില്‍ അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ച്‌ കവര്‍ച്ച; നഷ്ടമായത് ₹20 ലക്ഷം


കോഴിക്കോട്: പേരാമ്പ്രയില്‍ കല്യാണ വീട്ടില്‍ കവർച്ച നടന്നതായി പരാതി. പേരാമ്പ്ര സ്വദേശി കോറോത്ത് സദാനന്ദൻ്റെ വീട്ടിലാണ് സംഭവം.

ഇദ്ദേഹത്തിൻ്റെ മകളുടെ വിവാഹം ഇന്നലെ ഈ വീട്ടില്‍ വച്ച്‌ നടന്നിരുന്നു. വിവാഹത്തിനെത്തിയവർ പാരിതോഷികമായി നല്‍കിയ പണം സൂക്ഷിച്ചിരുന്ന പണപ്പെട്ടിയാണ് മോഷ്ടിച്ചത്. 

രാത്രി വിവാഹ സംഘം പോയ ശേഷം ഈ പണപ്പെട്ടി വീടിന് അകത്തെ ഓഫീസ് മുറിയിലേക്ക് മാറ്റിയിരുന്നു. അടുക്കള വാതിലിൻ്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. പണപ്പെട്ടിയില്‍ ഏകദേശം 20 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് വിവരം.

ഇന്നലെ വിവാഹത്തിന് ശേഷം രാത്രിയാണ് സംഭവം. വരനും വധുവും വീട്ടില്‍ നിന്ന് മടങ്ങിയിരുന്നു. രാവിലെ വീട്ടിലെ പന്തല്‍ അഴിക്കാൻ വന്ന തൊഴിലാളികളാണ് പറമ്പില്‍ പണപ്പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

വിവരം വീട്ടുകാരെ അറിയിക്കുകയും പിന്നീട് പൊലീസും സ്ഥലത്തെത്തി. ഇത്തരമൊരു മോഷണം പ്രദേശത്ത് ആദ്യമാണ്. 

കല്യാണത്തിന് വന്ന ആരെങ്കിലും വീടിൻ്റെ പരിസരം നിരീക്ഷിച്ച്‌ മനസിലാക്കിയ ശേഷം നടപ്പാക്കിയ മോഷണമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ