കോഴിക്കോട്: എലത്തൂർ സ്വദേശിയായ വിജില്‍ എന്ന യുവാവിനെ കാണാതായ സംഭവത്തില്‍ വൻ വഴിത്തിരിവ്.
അമിതമായ ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പോലീസിനോട് വെളിപ്പെടുത്തി.
2019 മാർച്ച് 24-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിനെയാണ് കാണാതായത്.
ലഹരി ഉപയോഗിച്ച വിജിലിനെ അടുത്ത ദിവസം രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് സുഹൃത്തുക്കളുടെ മൊഴി. കോഴിക്കോട് സരോവരത്തെ ചതുപ്പിൽ ഇവർ വിജിലിന്റെ മൃതദേഹം താഴ്ത്തുകയായിരുന്നു.
നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. മനപൂർവമല്ലാത്ത നരഹത്യക്കാണ് എലത്തൂർ പോലീസ് കസെടുത്തിരിക്കുന്നത്.
വിജിലിനെ കാണാതായി എന്ന് പറയപ്പെടുന്ന ദിവസം, കേസിലെ ഒന്നാം പ്രതിയായ നിഖിലും വിജിലും ഒരേ ടവർ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വീണ്ടും നിഖിലിനെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് വിജില്‍ ലഹരി ഉപയോഗത്തിനിടെ മരിച്ചതാണെന്ന് പ്രതികള്‍ മൊഴി നല്‍കിയത്.
മൊഴി അനുസരിച്ച്, സരോവരത്തെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഇവർ ലഹരി ഉപയോഗിച്ചത്. വിജില്‍ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചു.
പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തി. ജീവനില്ല എന്ന് മനസിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തി എന്നാണ് യുവാക്കള്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.