വടകര: വലുപ്പമോ ഇനമോ നോക്കാതെ മരംമാഫിയ വീടുകള്‍കയറിയിറങ്ങി മരംമുറിക്കുന്നത് വ്യാപകമായതോടെ നാട്ടുമരങ്ങള്‍ പലതും വംശനാശ ഭീഷണിയില്‍.
ഉപ്പില അഥവ വട്ട, മട്ടി, മഹാഗണി, മുരിക്ക്, കരിമുരിക്ക്, ഇലഞ്ഞി, ചളിര്, ഞാവല്‍ തുടങ്ങി പടുമരങ്ങളെന്ന് മുദ്ര കുത്തപ്പെട്ട മരങ്ങള്‍ വൻതോതില്‍ മുറിച്ചു കടത്തുന്ന സംഘങ്ങള്‍ ഗ്രാമ പ്രദേശങ്ങളില്‍ സജീവമാണ്.
കർണാടകയിലെയും കേരളത്തിലെയും പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് അധികവും കടത്തുന്നത്. ചൂളകളിലേക്ക് വിറകാവശ്യത്തിനായും മരം കൊണ്ടു പോകുന്നുണ്ട്. അപൂർവം ചിലത് ഫർണിച്ചർ ആവശ്യത്തിനും കടത്തുന്നു.
സംരക്ഷിത മരങ്ങളൊഴികെ വീട്ടുവളപ്പിലെ മരങ്ങള്‍ മുറിക്കുന്നതിനും കടത്തുന്നതിനും നിയന്ത്രണമില്ലാത്തതിനാല്‍ അതിരൂക്ഷമാണ് മരംമുറി. വിവിധ കാലഘട്ടങ്ങളില്‍ സാമൂഹിക വന വത്കരണത്തിന്റെയും മറ്റും ഭാഗമായി നട്ട വൃക്ഷങ്ങളാണ് നശിപ്പിക്കപ്പെടുന്നത്.
ഉപ്പില പോലെയുള്ള മരങ്ങള്‍ ആരും നടാതെ തന്നെ സ്വാഭാവികമായി വളരുന്നവയാണ്. വൻതോതില്‍ മുറിച്ചു കടത്തുന്നതിനാല്‍ ഇവ വംശ നാശ ഭീഷണിയിലാണ്.
ഒരു കാലത്ത് പരിസ്ഥിതി ദിനത്തിലും മറ്റും വ്യാപകമായി വിതരണം ചെയ്തതാണ് മഹാഗണിത്തൈകള്‍. ഇവയില്‍ ഭൂരിഭാഗവും മരംകടത്തുകാർ കൊണ്ടുപോയി.
വീടുകളില്‍ നേരിട്ടെത്തി, മഹാഗണിയുടെ ദോഷങ്ങള്‍ നിരത്തിയാണ് മരം കടത്തുകാർ വീട്ടുകാരെ കെണിയില്‍ വീഴ്ത്തുക. ചെറിയ പൈസയും കൊടുക്കും.
സ്വന്തമായി മുറിക്കുമ്പോഴുള്ള കൂലിച്ചിലവോർത്ത് കിട്ടിയ പൈസയ്ക്ക് വീട്ടുകാർ മരം വില്‍ക്കും. വലുപ്പമെത്താത്ത മരങ്ങള്‍ പോലും കൂട്ടത്തോടെ മുറിച്ചു മാറ്റും. 20 സെന്റീ മീറ്റർ ചുറ്റളവുണ്ടെങ്കില്‍ മരം ഇവരെടുക്കും.
മട്ടിക്കും നല്ല ഡിമാൻഡാണ്. തീപ്പെട്ടി നിർമാണ ഫാക്ടറികളിലേക്കാണ് ഈ മരം കൊണ്ടു പോകുന്നത്. ഇതിന്റെ എണ്ണവും കുറഞ്ഞു തുടങ്ങി. കരിമുരിക്കാണ് വംശ നാശ ഭീഷണി നേരിടുന്ന മറ്റൊരു മരം.
കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായ ബുദ്ധമയൂരി മുട്ടയിടുന്നത് കരിമുരിക്കിന്റെ ഇലകളിലാണ്. ലാർവകള്‍ ഭക്ഷിക്കുന്നതും ഇതിന്റെ ഇല തന്നെ.
കരിമുരിക്ക് സംരക്ഷിക്കാൻ ഒരു ഭാഗത്ത് പ്രവർത്തനം നടക്കുന്നതിനിടെയാണ് മറു വശത്ത് മുറിച്ചു മാറ്റല്‍. വങ്കണ മരത്തിന്റെ ഇലയില്‍ മുട്ടയിടുന്ന ശലഭമാണ് വെങ്കണനീലി. ഈ മരം മുറിക്കുന്നത് ഇവയ്ക്കും ഭീഷണിയാണ്.