Zygo-Ad

ബസ് തൊഴിലാളികള്‍ക്കു നേരെ തോക്ക് ചൂണ്ടിയ കേസില്‍ വ്ലോഗര്‍ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു


കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികള്‍ക്കു നേരെ തോക്ക് ചൂണ്ടിയ കേസില്‍ വ്ലോഗര്‍ തൊപ്പിയെന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു.

ബസ് തൊഴിലാളികള്‍ പരാതി നല്‍കാത്തതിനെ തുടർന്നാണ് അഞ്ചു മണിക്കൂറോളം കസ്റ്റഡിയില്‍ വെച്ച ശേഷം നിഹാലിനെയും രണ്ട് സുഹൃത്തുക്കളെയും വടകര പൊലീസ് വിട്ടയച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ബസ് തൊഴിലാളികള്‍ക്കു നേരെ തൊപ്പി ചൂണ്ടിയ തോക്ക് ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റളാണെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. 

തൊപ്പിയെയും രണ്ടു സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത് അഞ്ചു മണിക്കൂറിനു ശേഷമാണ് ബസ് ജീവനക്കാര്‍ പൊലീസ് സ്റ്റേഷനിലെത്തുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്തത്.

കണ്ണൂർ കല്യാശേരി സ്വദേശി മുഹമ്മദ് നിഹാല്‍ (തൊപ്പി)യെയാണ് വടകര ബസ് സ്റ്റാന്‍റില്‍ വെച്ച്‌ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. 

മുഹമദ് നിഹാലിന്‍റെ കാർ കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമായി ഉരസിയിരുന്നു. ബസ് സൈഡ് കൊടുത്തില്ലെന്നും മറികടക്കുന്നതിനിടെ ഉരസിയെന്നുമാണ് ആരോപണം. 

തുടര്‍ന്ന് തൊപ്പിയും കാർ യാത്രക്കാരായ രണ്ട് പേരും വടകര ബസ്റ്റാന്‍റില്‍ എത്തി സ്വകാര്യ ബസ് ജീവനക്കാരുമായി വാക്കേറ്റം നടത്തി. ഇതിനിടെയാണ് തോക്ക് ചൂണ്ടിയത്. തുടര്‍ന്ന് ബസ് തൊഴിലാളികള്‍ തടഞ്ഞ് വെച്ച്‌ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ