Zygo-Ad

പോക്‌സോ, ലഹരി കേസുകളിൽ അധ്യാപകർക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധം : ഡി.ജി.പിയുടെ നിർദേശം


 കോഴിക്കോട്: പോക്സോ വിഭാഗത്തിൽ വരുന്നത് ഉൾപ്പെടെ അധ്യാപകർക്കെതിരേയുള്ള പരാതിയിൽ കേസെടുക്കുന്നതിന് മുൻപ് പ്രാഥമികാന്വേഷണം നടത്തണമെന്ന് നിർദേശം. 

ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബാണ് ജില്ലാ പൊലിസ് മേധാവിമാർക്കും സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്.

 പ്രാഥമികാന്വേഷണം 14 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇക്കാലയളവിൽ അറസ്റ്റ് പാടില്ലെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. അധ്യാപകർക്കെതിരേ ആരെങ്കിലും പരാതി നൽകിയാൽ പൊലിസ് വെറുതെ കേസെടുക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 

ഇക്കാര്യം വ്യക്തമാക്കി ഒരു മാസത്തിനുള്ളിൽ പൊലിസ് മേധാവി ഉത്തരവിറക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ജി.പി ഉത്തരവിറക്കിയത്.

നിലവിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ നിർദേശാനുസരണവും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതികൾ ലഭിച്ചാലും അധ്യാപകർക്കെതിരേ പൊലിസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമാണ് ചെയ്തു വരുന്നത്. 

ബി.എൻ.എസ്.എസ് 173(3) പ്രകാരം മൂന്ന് വർഷമോ അതിൽ കൂടുതലോ എന്നാൽ ഏഴ് വർഷത്തിൽ താഴെയോ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചാൽ ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയോടെ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ പ്രാഥമിക അന്വേഷണം നടത്തണം. വിദ്യാഭ്യാസ

സ്ഥാപനത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രക്ഷിതാവോ വിദ്യാർഥിയോ അധ്യാപകനെതിരേ പരാതി നൽകിയാൽ, ഏതെങ്കിലും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണം. അധ്യാപകനും പരാതിപ്പെട്ട കക്ഷിക്കും ഇത് സംബന്ധിച്ച നോട്ടിസ് നൽകണമെന്നും ഡി.ജി.പിയുടെ ഉത്തരവിലുണ്ട്.

ചൈൽഡ് വെൽഫെയർ കമ്മറ്റി മുഖാന്തിരം പൊലിസ് സ്‌റ്റേഷനുകളിൽ എത്തുന്ന പരാതികളിൽ കേസെടുക്കുന്നതിൽ കാല താമസമുണ്ടായാൽ പൊലീസിനെതിരേ പരാതി ഉയരും. ഇക്കാരണത്താൽ പലപ്പോഴും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അധ്യാപകർക്കെതിരേ കേസെടുക്കുന്നത്. 

ലഹരി ഉപയോഗം ചോദ്യം ചെയ്ത വൈരാഗ്യത്താൽ അധ്യാപകർക്കെതിരേ വിദ്യാർഥികൾ പൊലിസിൽ പരാതി നൽകിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. പോക്സോ ഉൾപ്പെടെയുള്ള കേസിൽ പ്രതി ചേർക്കുന്നതോടെ സമൂഹത്തിന് മുന്നിൽ അധ്യാപകർ കുറ്റവാളിയായി തീരുകയാണ് ചെയ്യുന്നത്. 

മാസങ്ങളും വർഷങ്ങളും കഴിഞ്ഞാണ് പല കേസുകളിലും പ്രതിയല്ലെന്ന് കോടതി മുമ്പാകെ തെളിയിക്കാൻ കഴിയുന്നത്.

ഇതിനാലാണ് അധ്യാപകർക്കെതിരേയുള്ള പരാതിയിൽ കേസെടുക്കുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്താൻ ഡി.ജി.പി നിർദേശം നൽകിയത്.

വളരെ പുതിയ വളരെ പഴയ