മുഴപ്പിലങ്ങാട് :മുഴപ്പിലങ്ങാട് എഫ്സിഐ ഗോഡൗണിന് സമീപം സപ്ലൈകോ സ്റ്റോറിനടുത്ത് ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് യാത്രികൻ മരണപ്പെട്ടു.
കാപ്പാട് സി പി സ്റ്റോറിന് സമീപം ചെവിടൻ ചാലിൽ വീട്ടിൽ സി സി ജിതിനാ(39)ണ് മരണപ്പെട്ടത്. അവിവാഹിതനാണ്. തോട്ടട ഐടിഐ ക്ക് സമീപത്തുള്ള റിനോ കാർ ഷോറൂം ജീവനക്കാരനാണ്.
ബൈക്കിൽ മകനോടൊപ്പം യാത്ര ചെയ്ത അമ്മ അജിത പരിക്കുകളോടെ ചാലയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.പരിക്ക് സാരമുള്ളതല്ല. വ്യാഴം രാവിലെ 10.30 നാണ് സംഭവം.
തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപെട്ടത്. വാണിംഗ് സിഗ്നലില്ലാതെ ടയർ മാറുന്നതിനായി ദേശീയ പാതയിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചു വീണ ജിതിനേയും, അമ്മയേയും ഓടിക്കൂടിയ നാട്ടുകാരും, സ്ഥലത്തെത്തിയ എടക്കാട് പോലീസും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിതിൻ മരണപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം വെള്ളി ഉച്ച തിരിഞ്ഞ്. അച്ഛൻ: പങ്കജാക്ഷൻ (റിട്ട. എസ് ഐ). സഹോദരങ്ങൾ: റിത്വിൻ (മലേഷ്യ), രാഹുൽ (ബാംഗ്ലൂർ).