Zygo-Ad

മത്സ്യത്തിന്റെ കുത്തേറ്റ യുവാവിന്റെ കൈപ്പത്തി മുറിച്ച്‌ മാറ്റി

 


തലശ്ശേരി: കുളം വൃത്തിയാക്കുമ്പോള്‍ മുഷു മത്സ്യത്തിന്റെ കുത്തേറ്റ യുവ ക്ഷീര കർഷകന്റെ വലത്തെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റേണ്ടി വന്നു.

മാടപ്പീടിക ഗുംട്ടി ബസ് സ്റ്റോപ്പിനടുത്ത പൈക്കാട്ട് കുനിയില്‍ സുകുമാർ എന്ന രജീഷിനാണ് (38) ഈ ദുർഗ്ഗതി. കുത്തേറ്റ ഉടൻ ടി.ടി. എടുത്തിരുന്നു. ഫെബ്രുവരി 10 ന് കുളം വൃത്തിയാക്കുമ്പോഴാണ് മത്സ്യത്തിന്റെ കുത്തേറ്റത്. വേദന കൂടി വന്നപ്പോള്‍ 11ന് പള്ളൂർ ഗവ.ആശുപത്രിയിലും തുടർന്ന് മാഹി ഗവ. ആശുപത്രിയിലും ചികിത്സിച്ചുവെങ്കിലും കഠിന വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 13ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അപ്പോഴേക്കും തീപ്പൊള്ളിയത് പോലെ കൈപ്പത്തി നിറയെ കുമിളകള്‍ രൂപപ്പെട്ടിരുന്നു. മൂന്ന് തവണകളിലായാണ് ശസ്ത്രക്രിയ നടന്നത്. വിരലുകളും പിന്നീട് കൈപ്പത്തിയും മുറിച്ച്‌ മാറ്റി. മൂന്നാഴ്ചയോളം അവിടെ കഴിയേണ്ടി വന്നു. കേരളത്തില്‍ തന്നെ രണ്ടാമത്തെ അനുഭവമാണെന്നാണ് ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതർ പറഞ്ഞത്.


നിർദ്ധന കുടുംബാംഗമായ രജീഷ് പശുവിനെ വളർത്തിയും പച്ചക്കറി കൃഷി നടത്തിയുമാണ് ജീവിക്കുന്നത്.

വളരെ പുതിയ വളരെ പഴയ