Zygo-Ad

വടകര ബൈക്ക് മോഷണം; രണ്ട് സ്കൂൾ വിദ്യാർഥികൾ കൂടി പിടിയിൽ

 


വടകര ബൈക്ക് മോഷണക്കേസില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കൂടി പിടിയിലായി. മോഷണം പോയ രണ്ട് ബൈക്ക് കൂടി വടകര പൊലീസ് കണ്ടെടുത്തു. വിദ്യാര്‍ഥികളെ പരീക്ഷ കഴിഞ്ഞതിന് ശേഷം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും

വ്യാഴാഴ്ചയാണ് കോഴിക്കോട് വടകരയില്‍ മോഷ്ടിച്ച ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയിലായത്. രണ്ട് വിദ്യാര്‍ഥികള്‍ കൂടി പിടിയിലായതോടെ, പിടിയിലായവരുടെ എണ്ണം ഏഴും കണ്ടെടുക്കപ്പെട്ട ബൈക്കിന്റെ എണ്ണം എട്ടുമായി. വടകര ടൗണിനടുത്ത്, എടച്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പിടിയിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കുവാന്‍ വേണ്ടി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. പരീക്ഷയ്ക്ക് ശേഷം ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

വടകരയിലെയും സമീപ പ്രദേശങ്ങളിലെയും പ്രമുഖ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് മോഷ്ടിച്ച ബൈക്കുകളുമായി വടകര പൊലീസിന്റെ പിടിയിലായത്. വാഹനത്തിന്റെ ചേസിസ് നമ്പറടക്കം മാറ്റിയാണ് ഇവര്‍ വാഹനം ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. വടകര റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ബൈക്കുകള്‍ മോഷണം പോയത്.

പിടികൂടുന്നത് വരെ രക്ഷിതാക്കളോ അധ്യാപകരോ കുട്ടികളുടെ മോഷണവും ബൈക്ക് ഉപയോഗവും അറിഞ്ഞിരുന്നില്ല.മറ്റു സ്കൂളുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം. ജാഗ്രതാ സമിതികളും രൂപീകരിക്കും.

വളരെ പുതിയ വളരെ പഴയ