Zygo-Ad

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഒന്നാംപ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയകവാടം തുറന്നു

 


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ ഒന്നാംപ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനത്തിന് പുതിയകവാടം തുറന്നു. സ്റ്റേഷന്റെ തെക്കേയറ്റത്ത് നടപ്പാലത്തോട് (ഫൂട്ട് ഓവര്‍ബ്രിഡ്ജ്) ചേര്‍ന്നാണ് പുതിയകവാടം. ഇതോടെ ഒന്നാംപ്ലാറ്റ്‌ഫോമിലേക്കുള്ള രണ്ട് പ്രവേശനങ്ങളും പ്ലാറ്റ്‌ഫോമിന്റെ രണ്ടറ്റത്തായി.

വടക്കുവശത്ത് എസ്‌കലേറ്ററിനോടുചേര്‍ന്നാണ് രണ്ടാമത്തെ കവാടം. ഒന്നാംപ്ലാറ്റ്‌ഫോമിനോടുചേര്‍ന്നുള്ള സ്റ്റേഷന്‍ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന രണ്ട് പ്രവേശനകവാടങ്ങളും ഇല്ലാതായി. അതേസമയം, ഒന്നാംപ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാരെയിറക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ പുതിയഗേറ്റ് കഴിഞ്ഞദിവസം തുറന്നു.

റെയില്‍വേ സ്റ്റേഷന്‍ റോഡുവഴിയും ആനിഹാള്‍ റോഡ് വഴിയും എ.ടി.എം. കൗണ്ടറിന്റെ ഭാഗത്തുകൂടെ സ്റ്റേഷന്‍ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ ഇടത്തോട്ടുതിരിഞ്ഞ് കല്ലിങ്ങല്‍ ഭഗവതിക്ഷേത്രത്തിന്റെ മുന്നിലുള്ള പുതിയകവാടംവഴി വേണം പുറത്തേക്കിറങ്ങാന്‍. ഇതേദിശയില്‍ ഒന്നാംപ്ലാറ്റ്‌ഫോമിന്റെ തെക്കേയറ്റത്തായാണ് കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും പാര്‍ക്കിങ് സജ്ജീകരിച്ചിട്ടുള്ളത്.

ഒന്നാംപ്ലാറ്റ്‌ഫോമിലേക്കുള്ള തെക്കേയറ്റത്തെ പ്രവേശനകവാടത്തോടുചേര്‍ന്നാണ് പുതിയ ടിക്കറ്റ് കൗണ്ടറുകള്‍ എന്നുള്ളത് പ്ലാറ്റ്‌ഫോമിലേക്കുള്ള പ്രവേശനം സ്വല്പം ദുസ്സഹമാക്കുന്നുണ്ട്. ടിക്കറ്റുവാങ്ങാന്‍ കൗണ്ടറിനുമുന്നില്‍ വരിനില്‍ക്കുന്ന യാത്രക്കാരുടെ ഇടയിലൂടെവേണം ബാഗേജുമായി മറ്റുയാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍. ഈ വിഷയം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റൊരു പോംവഴി റെയില്‍വേ അധികൃതരുടെ മുന്‍പാകെയില്ല. അതിനാല്‍ ഈഭാഗത്തെ നടപ്പാലത്തോടുചേര്‍ന്ന് രണ്ടുഗേറ്റ് റെയില്‍വേ സ്ഥാപിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ