കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി.
പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്ന് പുലർച്ചെയോടെ മരിച്ചത്. ഗർഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയക്കിടെ കുടലിന് മുറിവ് പറ്റിയെന്നും ഇതാണ് മരണത്തിലേക്ക് എത്തിച്ചത് എന്നുമാണ് ബന്ധുക്കൾ പറയുന്നത്.
ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയക്കിടെ കുടലിന് ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നൽ ഉണ്ടെന്നും പേടിക്കേണ്ട കാര്യം ഇല്ലെന്നുമാണ് അറിയിച്ചത്.
എട്ടാം തീയതി വാർഡിലേക്ക് മാറ്റി. ഞായാറാഴ്ച മുതൽ സാധാരണ ഭക്ഷണം നൽകാമെന്ന് അറിയിച്ചു.
സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി. തുടർന്ന് ഐ സി യുവിലേക്ക് മാറ്റി. തിങ്കളാഴ്ച അണുബാധ ഉണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു.
ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു. മെഡിക്കൽ കോളജിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാൽ സാധിച്ചില്ലെന്നും ബന്ധുക്കൾ അറിയിച്ചു.
ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികരണം വന്നിട്ടില്ല.