കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ റോഡിൽ മാങ്ങ പെറുക്കുന്നവർക്കിടയിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി അപകടം. ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെ ദേശീയപാത 766ൽ താമരശ്ശേരി അമ്പായത്തോട് ആണ് അപകടമുണ്ടായത്.
മാവിൻ്റെ കൊമ്പ് റോഡിലേക്ക് ഒടിഞ്ഞുവീണിരുന്നു. ഇതിലുണ്ടായിരുന്ന മാങ്ങ ശേഖരിച്ചുകൊണ്ടിരിക്കെയാണ് കെഎസ്ആർടിസി ബസ് എത്തിയത്. ഇവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നുവെന്നാണ് വിവരം. അമ്പായത്തോട് അറമുക്ക് ഗഫൂർ (53),കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ (42) എന്നിവർക്കാണ് പരുക്കേറ്റത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസാണ് അപകടത്തിൽപ്പെട്ടത്.