തലശ്ശേരി: വ്യാജ പ്രസിദ്ധീകരണം നടത്തിയെന്ന സി.പി.എം നേതാവിൻ്റെ ഹർജിയില്‍ മലയാള മനോരമ പത്രത്തിൻ്റെ പ്രിൻ്റർക്കും പബ്ലിഷർക്കുമെതിരെ ഹാജരാകണമെന്ന് ഉത്തരവിട്ടു കൊണ്ട് തലശ്ശേരി കോടതി സമൻസ് നോട്ടീസ് അയച്ചു.
2021 ജൂലൈ 14ന് മനോരമയുടെ കണ്ണൂർ എഡിഷന്റെ പ്രാദേശിക പേജില്‍ പ്രസിദ്ധീകരിച്ച വാർത്തയ്ക്കെതിരെ സിപി എം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറി എം സുകുമാരൻ നല്‍കിയ മാനനഷ്ടക്കേസിലാണ് മലയാള മനോരമ എഡിറ്റർ ഫിലിപ്പ് മാത്യു, പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു എന്നിവർക്കെതിരെ കോടതി സമൻസ് അയച്ചത്.
തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് സമൻസ് അയച്ചത്. വരുന്ന ജൂലൈ 11ന് കോടതിയില്‍ ഹാജരാകാനാണ് സമൻസ്.
സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയംഗമായിരുന്ന എം സുകുമാരനെപ്പറ്റി അവാസ്തവവും അപഖ്യാതി ഉളവാക്കുന്നതുമായ തരത്തില്‍ വാർത്ത പ്രസിദ്ധീകരിച്ചു വെന്നാണ് സി.പി.എം നേതാവിൻ്റെ പരാതി.
സിപിഎം കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയെ മാറ്റി' എന്ന തലക്കെട്ടോടെ നല്‍കിയ വാർത്തയാണ് മാനനഷ്ടക്കേസിന് ആധാരം. സുകുമാരനെ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതായും വാർത്തയില്‍ പരാമർശിക്കുന്നുണ്ട്.
തലശ്ശേരിയിലെ അഭിഭാഷകൻ ഒ.ജി പ്രേമരാജൻ മുഖേനയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. പരാതിക്കാരന്റെ ഭാഗം പരിഗണിച്ച കോടതി പ്രഥമ ദൃഷ്ട്യാ കേസുള്ളതായി കണ്ടെത്തിയിരുന്നു.