Zygo-Ad

വടകര റെയില്‍വേ സ്റ്റേഷനില്‍ അനധികൃത പാര്‍ക്കിങ്ങിന് ചങ്ങലപ്പൂട്ട്


വടകര: റെയില്‍വേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങള്‍ അനധികൃതമായി പാർക്ക് ചെയ്താല്‍ ചങ്ങലപ്പൂട്ട് വീഴും. ആർ.പി.എഫ് റെയില്‍വേ സ്റ്റേഷന്റെ ചുറ്റുപാടുമുള്ള റോഡില്‍ അനധികൃത പാർക്കിങ് നിരോധിച്ച്‌ ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ബോർഡുകള്‍ അവഗണിച്ച്‌ വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ വാഹനങ്ങള്‍ ചങ്ങലയില്‍ കോർത്ത് പൂട്ടിയിടും.

വാഹന ഉടമകള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാല്‍ ചങ്ങലപ്പൂട്ട് അഴിക്കണമെങ്കില്‍ പിഴ ഒടുക്കേണ്ടി വരും. ആർ.പി.എഫ് കേസ് ചാർജ് ചെയ്താല്‍ റെയില്‍വേ കോടതിയിലാണ് പിഴ ഒടുക്കേണ്ടത്. 

അമൃത് ഭാരത് പദ്ധതിയില്‍ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി വിശാലമായ പാർക്കിങ് സൗകര്യം റെയില്‍വേ ഒരുക്കിയിരുന്നു. 

പാർക്കിങ് സ്ഥലം കരാറെടുത്ത കമ്പനി നഷ്ടത്തിലായതോടെ കരാറില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ മലപ്പുറം കേന്ദ്രമായ പുതിയ കരാറുകാർ ഏറ്റെടുക്കുകയുണ്ടായി.

ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തിലധികം വാഹനങ്ങള്‍ സമീപത്തെ റോഡില്‍ പാർക്ക് ചെയ്യുന്നതാണ് പാർക്കിങ് നഷ്ടത്തിലാകാൻ ഇടയാക്കുന്നതെന്നാണ് റെയില്‍വേയുടെ വിലയിരുത്തല്‍. 

ഇതിന്റെ ഭാഗമായാണ് അനധികൃത പാർക്കിങ്ങിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്നത്. പാർക്കിങ് വിലക്കി ആർ.പി.എഫ് സ്ഥാപിച്ച ബോർഡുകള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

അതേ സമയം, റെയില്‍വേ സ്റ്റേഷനില്‍ പാർക്കിങ് ഫീസ് കുത്തനെ കൂട്ടിയതാണ് വാഹനങ്ങള്‍ പുറത്ത് പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് യാത്രക്കാർ പറയുന്നത്. 

സാധാരണക്കാർക്ക് താങ്ങുന്ന തരത്തില്‍ ഫീസ് ഇളവ് നല്‍കിയാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് യാത്രക്കാരുടെ പക്ഷം.

വളരെ പുതിയ വളരെ പഴയ