Zygo-Ad

ക്യാൻസര്‍ കണ്ടെത്തിയ അതേ ആശുപത്രിയില്‍ നിന്നു തന്നെ അനുശ്രീ ഡോക്‌ടറായി പുറത്തിറങ്ങും: വാശിയോടെ നേടി എം.ബി.ബി.എസ്


കോഴിക്കോട്: പോരാട്ടത്തിന്റെ അവസാന വാക്കായി മാതൃകയാവുകയാണ് നരിക്കുനി സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയുമായ അനുശ്രീ.

തന്റെ വലതു കാലിന് ക്യാൻസറാണെന്ന് സ്ഥിരീകരിച്ച അതേ മെഡിക്കല്‍ കോളേജില്‍ നിശ്ചയ ദാർഢ്യത്തിന്റെ കരുത്തില്‍ മെഡിക്കല്‍ പഠനം ഉറപ്പാക്കിയ മിടുക്കി. വലതുകാല്‍ മുറിച്ചുമാറ്റിയിട്ടും തോറ്റുകൊടുക്കാൻ മനസില്ലാത്ത പോരാളി. 

നീറ്റ് പരീക്ഷയില്‍ പ്രത്യേക പരിഗണനാ വിഭാഗത്തില്‍ നാലാം റാങ്ക് നേടിയാണ് അനുശ്രീ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയത്. ഇപ്പോള്‍ മൂന്നാംവർഷ പരീക്ഷയുടെ തിരക്കിലാണ്.

ഇതേക്കുറിച്ച്‌ ചോദിച്ചാല്‍ അനുശ്രീ പറയും: 'എല്ലാം വിചാരിച്ചതു പോലെ നടന്നാല്‍ ജീവിതം വിരസമാവില്ലേ. മുന്നില്‍ വരുന്ന ഓരോ തടസങ്ങളെയും പാഠമായി കണ്ട് മുന്നോട്ട് പോവുക'. 

അഞ്ചു വർഷം മുൻപ് പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് ക്യാൻസറിനെത്തുടർന്ന് വലതുകാല്‍ മുറിച്ചു മാറ്റിയത്. 

തിരുവനന്തപുരം ആർ.സി.സിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ എടുത്ത ദൃഢ നിശ്ചയമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസ് മുറിയിലെത്തിച്ചത്.

അവിടെക്കണ്ട മനുഷ്യരും, അവരിലെ നന്മയുമാണ് ഡോക്ടറാവാൻ പ്രേരിപ്പിച്ചത്. പതിമൂന്നാം വയസില്‍ ക്യാൻസറിനെക്കുറിച്ച്‌ വലിയ ധാരണയില്ലാത്തപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 

അന്ന് രോഗത്തിന്റെ തീവ്രത മനസിലാക്കാൻ ഇന്റർനെറ്റില്‍ തെരഞ്ഞ് പേടിച്ചതും കരഞ്ഞതുമെല്ലാം അനുശ്രീ ഇന്ന് ചിരിയോടെ ഓർക്കുന്നു.

ബോധവത്കരണത്തിലും സജീവം

ഇപ്പോള്‍ പഠനത്തിന്റെ ഭാഗമായി ക്യാൻസർ വാർഡില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ഓരോരുത്തരിലും സ്വന്തം മുഖമാണ് അനുശ്രീ കാണുന്നത്. 

പഠത്തിനിടയിലും സന്നദ്ധ സംഘടനകളുടെയടക്കം ക്യാൻസർ ബോധവത്കരണ പരിപാടികളില്‍ സജീവ പ്രവർത്തക കൂടിയാണ് അനുശ്രീ. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പ്രേമരാജന്റെയും, ഷീനയുടെയും മകളാണ്. സഹോദരൻ: അതുല്‍.

വളരെ പുതിയ വളരെ പഴയ