കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും മോഷ്ടിച്ചു കടന്നു കളഞ്ഞ കണ്ണൂര്‍ പിലാത്തറ സ്വദേശിനി വെള്ളായിപ്പറമ്പില്‍ ദീപ ഫെര്‍ണാണ്ടസി (39) നെ കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു.
കോര്‍പറേഷന്‍ ഓഫീസിനു സമീപത്തെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നും ഭക്ഷണം കഴിച്ച് കൈകഴുകി തിരിച്ചു വന്നപ്പോള്‍ മേശപ്പുറത്ത് വെച്ചിരുന്ന പരാതിക്കാരിയുടെ സാംസംങ് കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ കാണാതാവുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയെ പറ്റി വിവരം ലഭിച്ചു. പിന്നീട് കോഴിക്കോട് ബീച്ച് ഓപ്പണ്‍ സ്റ്റേജിന് സമീപത്ത് നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പ്രതി സാന്ത്വനം ട്രസ്റ്റിന്‍റെ ഐഡി കാര്‍ഡ് കഴുത്തില്‍ തൂക്കി കോഴിക്കോട് ബീച്ച് പരിസരങ്ങളില്‍ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.
ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ സൂരജ്, എസ് സിപിഒമാരായ നിധീഷ്, ശ്രീശാന്ത്, വനിതാ സെല്ലിലെ സിപിഒമാരായ വിനീത, ജ്യോതിലക്ഷമി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.