Zygo-Ad

മകനെ വിളിച്ചിറക്കി കൊണ്ടു പോയത് കൂട്ടുകാരൻ: കുട്ടികള്‍ക്കൊപ്പം മർദ്ദനത്തിൽ മുതിർന്നവരും: 'ആരോഗ്യാവസ്ഥ ഗുരുതരം'; കുട്ടിയുടെ പിതാവ്


കോഴിക്കോട്: മകനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടു പോയത് കൂട്ടുകാരനാണെന്നും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ക്രൂരമായി മര്‍ദിച്ചുവെന്നും താമരശ്ശേരി സംഘർഷത്തില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ പിതാവ്.

മര്‍ദനമേറ്റ് തിരിച്ചെത്തിയ മകൻ വീട്ടിലെത്തി ഛർദ്ദിച്ചെന്നും മർ‌ദ്ദിച്ചവരെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടു വരണമെന്നും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസിന്‍റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. മകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നത്. മുതിർന്നവർ മർദിക്കാതെ ഇങ്ങനെ പരിക്കേല്‍ക്കില്ല. വലിയ ആളുകള്‍ മർദിച്ചെന്നാണ് മനസിലാക്കുന്നത്. 

അവനെ തല്ലിച്ചതയ്ക്കുകയായിരുന്നു. മാരകമായ പരിക്കാണ് മകനുണ്ടായത്. മുമ്പ് ഒരു സംഘർഷത്തിലും ഉള്‍പ്പെടാത്ത കുട്ടി ആണ് മകൻ. കേസ് സ്വാധീനം ചെലുത്തി ഇല്ലാതാക്കരുത്.

വൈകിട്ട് നാലര മണിക്കാണ് അടുത്ത കൂട്ടുകാരില്‍ ഒരാള്‍ മകനെ വിളച്ചിറക്കി കൊണ്ടു പോയത്. രാത്രി ഏഴു മണിക്കാണ് വീട്ടില്‍ തിരി ച്ചെത്തിയത്. ഒന്നും സംസാരിക്കാതെ മുറിയില്‍ പോയി കിടക്കുകയായിരുന്നു. പിന്നീട് ഛർദ്ദിയും മറ്റും വന്നപ്പോഴാണ് ആശുപത്രിയില്‍ കൊണ്ടു പോയത്.

താമരശ്ശേരിയില്‍ വിദ്യാർഥികള്‍ തമ്മില്‍ ഉണ്ടായ സംഘർഷത്തില്‍ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി ദൃകസാക്ഷി. വിദ്യാർഥികള്‍ തമ്മില്‍ പലവട്ടം അടി നടന്നതായി ദൃക്‌സാക്ഷി സാലി മാധ്യമങ്ങളോട് പറഞ്ഞു. 

വിദ്യാർഥികള്‍ നേരത്തെ സംഘം ചേർന്ന് സ്ഥലത്ത് നില്‍പ്പുണ്ടായിരുന്നു. സമീപത്തെ കച്ചവടക്കാർ ഇടപെട്ടപ്പോള്‍ വിദ്യാർഥികള്‍ സ്ഥലത്തു നിന്നും മാറി. 

റോഡില്‍ വെച്ചും പിന്നീട് സംഘർഷമുണ്ടായി. സംഘർഷമുണ്ടായ സമയത്ത് തന്നെ ട്യൂഷൻ സെന്‍റര്‍ അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നും സാലി പറഞ്ഞു.

വളരെ പുതിയ വളരെ പഴയ