Zygo-Ad

കോടികള്‍ തട്ടിയെടുത്തതായി ആരോപണം; യുവാവിൻ്റെ വീടിന് മുൻപില്‍ പ്രതിഷേധം


തലശ്ശേരി : ചൊക്ലി മേക്കുന്നില്‍ പ്രവാസികളില്‍ നിന്നും മറ്റും കോടികള്‍ തട്ടിയെടുത്തതായി ആരോപിച്ച്‌ യുവാവിൻ്റെ വീടിന് മുൻപില്‍ പ്രതിഷേധവുമായി പ്രവാസികളും കുടുംബങ്ങളും.

കുനിയില്‍ കുറന്തോട്ട് വീട്ടിലെ അഫ്സലിൻ്റെ വീടിന് മുൻപിലാണ് പ്രതിഷേധം നടന്നത്. ഇയാള്‍ ഖത്തറില്‍ ഉള്ളതും നാട്ടിലുള്ളതുമായ പ്രവാസികളില്‍ നിന്നാണ് പണം സ്വരൂപിച്ചത് .

ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പലരില്‍ നിന്നും 32 കോടി രൂപ വാങ്ങിയതെന്ന് പണം നല്‍കിയവർ പറയുന്നു. 5 ലക്ഷം രൂപ മുതല്‍ 2 കോടി രൂപ വരെ നിക്ഷേപിച്ചവർ ഇതില്‍ ഉണ്ട്. 

പണം ലഭിക്കാത്തതിനെ തുടർന്ന് പലരും പോലീസില്‍ പരാതി നല്കിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നുവത്രേ. ഖത്തറിലും ഇയാള്‍ക്കെതിരെ പരാതി വന്നതോടെ നാട്ടില്‍ എത്തി മുങ്ങുകയായിരുന്നുവെന്നാണ് സമരക്കാർ പറയുന്നത്. 

മുപ്പത്തി രണ്ട് കുടുംബങ്ങളാണ് പ്രതിഷേധവുമായി ഇയാളുടെ വീടിന് മുൻപില്‍ എത്തിയത്. ഈ പണം ഉപയോഗിച്ച്‌ ഇയാള്‍ ബാംഗ്ലൂരില്‍ ആഢംബര ഹോട്ടലും നടത്തി വരികയാണ് എന്നും ഇവർ പറയുന്നു. 

വീടിന് മുൻപില്‍ പ്രതിഷേധക്കാർ ഫ്ളക്സുകള്‍ ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തു.വിവരമറിഞ്ഞ് പോലീസും സ്ഥലത്ത് എത്തിയിരുന്നു. പ്രതിയെ പിടിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വൻ സമര പരിപാടികള്‍ സംഘടിപ്പിക്കാനാണ് നിക്ഷേപകരുടെ നീക്കം.

വളരെ പുതിയ വളരെ പഴയ