Zygo-Ad

ഓട്ടോറിക്ഷയിൽ കഞ്ചാവു കടത്തിയ മട്ടാമ്പ്രം സ്വദേശി അറസ്റ്റില്‍


തലശ്ശേരി: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ഒന്നര കിലോയിലേറെ കഞ്ചാവുമായി ഡ്രൈവറെ തലശ്ശേരി എക്സൈസ് സംഘം പിടി കൂടി.

തലശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. സുബിൻരാജും പാർട്ടിയും ശനിയാഴ്ച പുലർച്ച അഞ്ചരയോടെ പുന്നോല്‍ ഉസ്സൻമൊട്ടയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവുമായി എത്തിയ ഓട്ടോ പിടികൂടിയത്. 

കൈ കാണിച്ചിട്ടും നിർത്താതെ പോയ ഓട്ടോറിക്ഷയെ പിന്തുടർന്ന് പുന്നോലില്‍ വെച്ച്‌ പിടികൂടി പരിശോധിച്ചപ്പോഴാണ് ഡ്രൈവിങ് സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.610 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ഓട്ടോഡ്രൈവറായ തലശ്ശേരി മട്ടാമ്പ്രത്തെ പി.കെ. ഹൗസില്‍ പി.കെ. നൗഷാദിനെ (45) അറസ്റ്റു ചെയ്തു കേസെടുത്തു. 

ഇയാളുടെ കെ.എല്‍ 13 എ.എസ് 0302 രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പ്രതിയെ തലശ്ശേരി സ്പെഷല്‍ സബ് ജയിലില്‍ റിമാൻഡ് ചെയ്തു. തലശ്ശേരി കടല്‍പാലം കേന്ദ്രീകരിച്ച്‌ വില്‍പന നടത്തുന്നവർക്ക് വേണ്ടി കഞ്ചാവ് എത്തിക്കുകയായിരുന്നു പ്രതി. 

ഒഡീഷയില്‍നിന്ന് വരുന്നവരാണ് ഇയാള്‍ക്ക് കഞ്ചാവ് കൈമാറുന്നതെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.

പ്രിവന്റീവ് ഓഫിസർ ഗ്രേഡ് ലെനിൻ എഡ്‌വേർഡ്, സിവില്‍ എക്സൈസ് ഓഫിസർമാരായ കെ. സരിൻരാജ്, പി.പി. സുബീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ