Zygo-Ad

19 പേര്‍ക്ക് മുൻഗണന റേഷൻ കാര്‍ഡുകള്‍ വിതരണം ചെയ്തു; തലശ്ശേരി താലൂക്ക് അദാലത്തില്‍ പരിഗണിച്ചത് 415 പരാതികള്‍


തലശ്ശേരി: മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, ഒ.ആർ കേളു എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച നടന്ന 'കരുതലും കൈത്താങ്ങും' തലശ്ശേരി താലൂക്ക് അദാലത്തില്‍ ആകെ 415 പരാതികള്‍ പരിഗണിച്ചു.

അദാലത്തില്‍ 139 പരാതികള്‍ തീർപ്പാക്കി. 87 പരാതികളില്‍ നടപടി സ്വീകരിച്ചു വരുന്നു. ഡിസംബർ ആറ് വരെ ഓണ്‍ലൈനായും നേരിട്ടും ലഭിച്ച പരാതികള്‍ 226. അദാലത്ത് ദിവസം 189 പരാതികള്‍ സ്വീകരിച്ചു. മുൻഗണനാ റേഷൻ കാർഡ് അപേക്ഷ, ഭൂമി സംബന്ധമായ പരാതികള്‍, കെട്ടിട നമ്ബറിനുള്ള അപേക്ഷകള്‍ തുടങ്ങിയവയാണ് കൂടുതലും ലഭിച്ചത്.

പുതിയതായി ലഭിച്ച പരാതികള്‍ക്ക് രണ്ടാഴ്ചക്കകം മറുപടി നല്‍കുമെന്ന് അദാലത്തിനുശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. രാവിലെ 10 മണിക്ക് തുടങ്ങിയ അദാലത്ത് വൈകീട്ട് 6.30 മണിയോടെയാണ് സമാപിച്ചത്.

രാവിലെ ഉദ്ഘാടനത്തിന് ശേഷം അദാലത്ത് വേദിയില്‍ 19 പേർക്ക് എ.എ.വൈ, മുൻഗണന റേഷൻ കാർഡുകള്‍ വിതരണം ചെയ്തു. തുടർന്ന് മന്ത്രിമാർ അപേക്ഷകള്‍ വിലയിരുത്തി 11 പേർക്ക് മുൻഗണന റേഷൻ കാർഡുകള്‍ അനുവദിച്ചു. 27 പേരുടെ അപേക്ഷകള്‍ അനുമതിക്കായി സംസ്ഥാന തലത്തിലേക്ക് അയക്കും.

അദാലത്തില്‍ കെ.പി മോഹനൻ എം.എല്‍.എ, തലശ്ശേരി നഗരസഭ ചെയർപേഴ്സണ്‍ കെ.എം ജമുനാറാണി, ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം സി.പദ്മചന്ദ്ര കുറുപ്പ്, സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജീവൻ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു, കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി, ഡെപ്യൂട്ടി കളക്ടർ അനില്‍കുമാർ, തലശ്ശേരി തഹസില്‍ദാർ എം. വിജേഷ് തുടങ്ങിയവർ സംബന്ധിച്ചു

മാലൂരിലെ പ്രജിഷക്ക് വീടൊരുക്കും

75 ശതമാനം ശാരീരിക വൈകല്യമുള്ള മകൻ ദേവതീർത്ഥിനൊപ്പം തലശ്ശേരി താലൂക്ക് അദാലത്തിന് എത്തിയ മാലൂർ സ്വദേശി കെ.പ്രജിഷക്ക് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നല്‍കി. ജന്മനാ കൈകാലുകള്‍ക്ക് സ്വാധീനക്കുറവുള്ള, അനുഗ്രഹീത ചിത്രകാരനായ പതിനാലുകാരനായ മകന് ചികിത്സാ സഹായം, കുടുംബത്തിനുള്ള ഉപജീവന മാർഗം, സ്വന്തമായി വീട് എന്നീ ആവശ്യങ്ങളുമായാണ്, ഭർത്താവ് ഉപേക്ഷിച്ച പ്രജിഷ അദാലത്തിന് എത്തിയത്. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രജിഷയ്ക്ക് ഉറപ്പ് നല്‍കി. മാനുഷിക പരിഗണന നല്‍കിയാണ് അദാലത്തില്‍ പ്രജിഷയുടെ പരാതി പരിഗണിച്ചത്. ഹാളിന് പുറത്ത് വീല്‍ ചെയറിലെത്തിയ ദേവതീർത്ഥിന്റെ അരികിലേക്ക് എത്തിയാണ് മന്ത്രി പരാതി പരിഗണിച്ചത്.

വളരെ പുതിയ വളരെ പഴയ