Zygo-Ad

മുക്കാല്‍ നൂറ്റാണ്ട് മുൻപ് മനുഷ്യ വിസര്‍ജ്യം വളമാക്കി വിറ്റ് തലശ്ശേരി; തെളിവായി നഗരസഭയുടെ നോട്ടീസ്‌


 തലശ്ശേരി : മുക്കാല്‍ നൂറ്റാണ്ട് മുൻപ് തലശ്ശേരി നഗരസഭ മനുഷ്യ വിസർജ്യവും മാലിന്യവും വളമാക്കി വില്‍പ്പന നടത്തിയിരുന്നു. വിലയുള്‍പ്പെടെ നല്‍കിയ അറിയിപ്പുമായായിരുന്നു വില്‍പ്പന. മാലിന്യനിർമാർജനം വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ 75 വർഷം മുൻപ് നഗരസഭ മാതൃകാപരമായി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നുവെന്നാണ് തെളിയുന്നത്.

തലശ്ശേരി നഗരസഭാപരിധിയിലെ വീടുകളില്‍ അക്കാലത്ത് ഇന്നുകാണുന്ന രീതിയിലുള്ള ശൗചാലയമില്ലായിരുന്നു. അതിനാല്‍ വീടുകളില്‍ നിന്നുള്ള മനുഷ്യവിസർജ്യം തൊഴിലാളികള്‍ ശേഖരിച്ച്‌ കൊണ്ടുപോകുകയായിരുന്നു. ഇതാണ് പിന്നീട് ഉണക്കിപ്പൊടിച്ച്‌ വില്‍പ്പനയ്ക്കുവെച്ചത്. 1948-ല്‍ നഗരസഭ പുറത്തിറക്കിയ സ്മരണികയിലാണ് ഇതുസംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയത്.

കാട്ടവും മലവും കൊണ്ടുണ്ടാക്കപ്പെട്ട കമ്ബോസ്റ്റ് വളം പൊടിയായിട്ടുള്ളതും യാതൊരു വാസനയില്ലാത്തതുമാകുന്നു. ഇത് വളരെ ഗുണമുള്ളതുമായ വളവും വില വളരെ കുറവുള്ളതുമാകുന്നു.

ഒരു ടണ്ണിന് 10 അണ പ്രകാരം എല്ലാ കാലത്തും വില്‍ക്കപ്പെടുന്നതാണ്. അധിക വിവരങ്ങള്‍ക്ക് തലശ്ശേരി മുനിസിപ്പല്‍ ആപ്പീസില്‍ അന്വേഷിക്കുക.' ഇങ്ങനെയായിരുന്നു കമ്ബോസ്റ്റ് വളം എന്ന തലക്കെട്ടോടെയുള്ള അറിയിപ്പ്. ഇതിന്റെ ഇംഗ്ലീഷ് രൂപത്തിന് താഴെയായിട്ടായിരുന്നു മലയാളത്തിലുള്ള അറിയിപ്പ്.

അഭിനന്ദിച്ച്‌ മദ്രാസ് മുഖ്യമന്ത്രി

ബ്രിട്ടീഷ് ഭരണകാലത്തും മദ്രാസ് പ്രസിഡൻസിയുടെയും സ്വാതന്ത്ര്യത്തിനുശേഷം കേരളസംസ്ഥാനം രൂപം കൊള്ളുന്നതുവരെ മദ്രാസ് സംസ്ഥാനത്തിന്റെയും ഭാഗമായിരുന്നു തലശ്ശേരി. മദ്രാസ് മുഖ്യമന്ത്രിയായിരുന്ന രാമസ്വാമി റെഡ്ഢി തലശ്ശേരി നഗരസഭയെ അഭിനന്ദിച്ച്‌ 1948 ജൂണ്‍ 26 -നാണ് കത്ത് അയച്ചത്.

വളരെ പുതിയ വളരെ പഴയ