തലശ്ശേരി : തലശ്ശേരിലെ പാസഞ്ചർ ഓട്ടോറിക്ഷകൾ 15-ന് പണിമുടക്ക് സമരം നടത്തുമെന്ന് സംയുക്ത ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ പത്രസമ്മേളനത്തിൽ അറിയിച്ചു.ടി.എം.സി. നമ്പർ ഇല്ലാതെ സർവീസ് നടത്തുന്ന ഓട്ടോകൾക്കെതിരേ പോലീസും മോട്ടോർ വാഹനവകുപ്പും നഗരസഭയും ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക, മുനിസിപ്പാലിറ്റിയിലെ പൊട്ടിപ്പൊളിഞ്ഞ പ്രദേശിക റോഡുകൾ ഗതാഗതയോഗ്യമാക്കുക, നഗരത്തിലെ പാർക്കിങ് സ്ഥലങ്ങൾ തിരിച്ചറിയുന്ന ബോർഡുകൾ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., ബി.എം.എസ്., എസ്.ടി.യു. എന്നീ നാല് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം ചെയ്തത്.
നവംബർ 14 അർധരാത്രിമുതൽ 15-ന് അർധരാത്രിവരെയാണെന്ന് പണിമുടക്ക്. അത്യാവശ്യത്തിന് രോഗികളുമായി എത്തുന്നവ ഒഴികെ മറ്റെല്ലാ പാസഞ്ചർ ഓട്ടോകളും സമരവുമായി സഹകരിക്കണമെന്നും യൂണിയൻ ഭാരവാഹികൾ അവർ അഭ്യർഥിച്ചു. പത്രസമ്മേളനത്തിൽ സംയുക്ത ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ കൺവീനർ ടി.പി. ശ്രീധരൻ വടക്കയിൽ ജനാർദ്ദനൻ, കെ.എൻ. ഇസ്മയിൽ (സി.ഐ.ടി.യു.), എൻ.കെ. രാജീവ് (ഐ.എൻ.ടി.യു.സി.), വി.പി. ജയരാമൻ, എം.കെ. ഷാജി, ജി. ഷൈജു (ബി.എം.എസ്), വി. ജലീൽ, പി. നസീർ (എസ്.ടി.യു.) എന്നിവർ പങ്കെടുത്തു.