തലശ്ശേരി : സമാന്തര വിദ്യാഭ്യാസ മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം കണ്ണൂരിലും തലശ്ശേരിയിലും സജീവമായി നില കൊണ്ട മഹാത്മ ആർട്സ് ആന്റ് സയൻസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും പുർവ്വാദ്ധ്യാപകരും തലശ്ശേരിയിൽ ഒത്തുചേരുന്നു. മഹാത്മാ സാംസ്കാരിക സംഗമ വേദിയാണ് മഹാത്മ കുടുംബ മഹാ സംഗമം സംഘടിപ്പിക്കുന്നത്.. ഈ മാസം 17 ന് രാവിലെ 10 ന് തലശ്ശേരി ടൗൺഹാളിൽ ചേരുന്ന സംഗമം എഴുത്തുകാരി ആർ രാജശ്രീ ഉദ്ഘാടനം ചെയ്യും. മഹാത്മയിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി കേരളത്തിലും പുറത്തുമായി ജീവിക്കുന്നവർക്ക് കുടുംബത്തോടൊപ്പം വീണ്ടും കൂടിക്കാണാൻ അവസരം ഒരുക്കുന്ന മഹാ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വേദി ജനറൽ സിക്രട്ടറി അഡ്വ. രവീന്ദ്രൻ കണ്ടോത്ത് തലശ്ശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
70, 80 കാല ഘട്ടത്തിൽ റഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാതെ ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് ആശ്രയമാകാനും ഇവരെ പഠിപ്പിച്ച അദ്ധ്യാപകർക്ക് തൊഴിൽ സുരക്ഷയും. മികച്ച സേവന-വേതന വ്യവസ്ഥകൾ നടപ്പാക്കാനും മഹാത്മയ്ക് സാധിതമായ കാര്യം കോളേജിലെ പൂർവ്വാധ്യാപകൻ കൂടിയായ രവീന്ദ്രൻ കണ്ടോത്ത് അനുസ്മരിച്ചു. ആനിരാജാ, പി.സന്തോഷ് കുമാർ എം.പി.,മുൻ എം.പി. കെ.കെ.രാഗേഷ്, ഡോ.ആർ.വി.എം. ദിവാകരൻ, വി.കെ.സുരേഷ് ബാബു തുടങ്ങി രാഷ്ടിയ, സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പേർ മഹാത്മയിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് - സ്ഥാപനത്തിൽ ആദ്യാവസാനം അദ്ധ്യാപകനും സാരഥിയുമായ എം.പി.രാധാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. മാസ്റ്റർ രചിച്ച പ്രണയം, ജീവിതം, മരണം എന്ന പുസ്തകത്തിന്റെ പ്രകാശനവും ഉത്ഘാടന ചടങ്ങിൽ നടത്തും. പി,.സി.എച്ച്. ശശിധരൻ, പി. പത്മനാഭൻ, കെ ബാലകൃഷ്ണൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു