തലശേരി :തലശേരി കടപ്പുറത്തെ മാലിന്യ ക്കൂമ്പാരം നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്ത ത്തോടെ ശുചീകരിക്കും. ശുചിത്വ മിഷൻ ഡയറക്ടറുടെ നിർദേശമനുസരിച്ച് ജോയിൻ്റ് ഡയറക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് നഗരസഭ വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. യോഗത്തിൽ നഗരസഭാ ചെയർമാൻ കെ എം ജമുനാ റാണി അധ്യക്ഷയായി.
ഒക്ടോബർ രണ്ടിന് പ്രദേശം ശുചീകരിച്ച് മുന്നറിയിപ്പ് ബോർഡുകൾ സ്‌ഥാപിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് മാലിന്യം ഗുഡ്‌സ് ഓട്ടോകളിലും മത്സ്യ വണ്ടികളിലുമായി കടപ്പുറത്ത് തള്ളുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കും. നിരോധിത കവറുകൾ നൽകൽ, മത്സ്യ-മാംസങ്ങളുടെ ദ്രവരൂപത്തിലുള്ള മാലിന്യം ഓവു ചാലിൽ ഒഴുക്കൽ തുടങ്ങിയവയ്ക്കെതിരെയും നടപടിയെടുക്കും. ലോഡുകളിൽ അനുവദിച്ചതിലുമേറെപ്പേരെ നിയമവിരുദ്ധമായി താമസിപ്പിച്ചെന്ന പരാതിയിൽ സംയുക്ത പരിശോധന നടത്തും. വിവിധ ഭാഷകളിൽ ആവശ്യമായ ബോധവൽക്കരണം, ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ് ഉൾപ്പെടെയുള്ള കണ്ടെയ്‌നറുകളുടെ നിരോധനം, നഗരസഭയുടെ നേതൃത്വത്തിൽ നൈറ്റ് സ്‌ക്വാഡ് പരിശോധന, മത്സ്യമാർക്കറ്റിൽ വ്യാപാരികളുടെ സഹകരണത്തോടെ സിസിടിവി കാമറ സ്ഥാപിക്കൽ എന്നിവ നടപ്പാക്കും.