Skip to content
മഴ പെയ്താൽ എടക്കാട്, മുഴപ്പിലങ്ങാട് അടിപ്പാത ചെളിക്കുളമാകുന്നെന്ന് പരാതി
മഴ പെയ്താൽ എടക്കാട്, മുഴപ്പിലങ്ങാട് അടിപ്പാത ചെളിക്കുളമാകുന്നെന്ന് പരാതി

മുഴപ്പിലങ്ങാട്: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പൊഴും എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശത്തുള്ളവർക്ക് ജീവിതം ദുരിതമയം.വേനല്‍ മഴ പെയ്തതോടെ പ്രദേശത്തെ അടിപ്പാതകളില്‍ വെള്ളംകയറുന്ന സ്ഥിതിയാണ്.

മുഴപ്പിലങ്ങാട് എഫ്.സി.ഐ ഗോഡൗണ്‍, കുളം ബസാർ, എടക്കാട് റെയില്‍വേ സ്റ്റേഷൻ, എടക്കാട് ബസാർ ഉള്‍പെടെ നാലുമീറ്റർ ദൂരപരിധിയില്‍ നിർമിച്ച നാല് അടിപ്പാതകളും നിലവിലെ സർവിസ് റോഡില്‍നിന്ന് അല്‍പം താഴ്ചയിലായതിനാല്‍ മഴ ഒന്നു ചെറുതായി പെയ്താല്‍ മതി വെള്ളം കയറി ചളിക്കുളമാകും.

കനത്ത മഴ പെയ്താല്‍ റോഡിലെ വെള്ളം മുഴുവനും അടിപ്പാതയിലാണ് ഒഴുകിയെത്തുക. സർവിസ് റോഡിന്റെ ഇരുവശത്തും നിർമിച്ച ഓവിലേക്ക് വെള്ളം ഒഴുകിപ്പോകുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസത്തെ ചെറു മഴയില്‍ തന്നെ അടിപ്പാതയില്‍ വെള്ളവും ചളിയും നിറഞ്ഞ് കാല്‍നടപോലും ദുരിതത്തിലായിരിക്കുകയാണ്.

തുടർച്ചയായി മഴ പെയ്താല്‍ വലിയ വെള്ളക്കെട്ട് തന്നെ രൂപപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ കിഴക്കും പടിഞ്ഞാറും അങ്ങോട്ടും തിരിച്ചും പോകുവാൻ കാല്‍നടയാത്രികർ ഉള്‍പ്പെടെയുള്ളവരുടെ ഏക ആശ്രയമാണ് ഈ ഭാഗങ്ങില്‍ നിർമിച്ച അടിപ്പാതകള്‍. മഴക്കുമുന്നേ ഈ വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ച്‌ പ്രശ്നം പരിഹരിക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും അധികൃതരോടാവശ്യപ്പെട്ടിരിക്കുന്നത്.

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..